*ഓണം പ്രമാണിച്ച് അനുവദിച്ച സ്പെഷ്യൽ അരി ജില്ലയിലെ മിക്ക റേഷൻ കടകളിലും തീർന്നതിനെത്തുടർന്ന് സിവിൽ സപ്ലൈസ് അധികൃതരുടെ അടിയന്തര ഇടപെടൽ. റേഷൻ കടകളിലേക്ക് സ്പെഷ്യൽ അരി വിതരണം ചെയ്യുന്നതിൽ നേരിട്ട പ്രതിസന്ധിയെക്കുറിച്ച് 'മലയാള മനോരമ' നൽകിയ വാർത്തയ്ക്ക് പിന്നാലെയാണ് അധികൃതർ അതിവേഗം നടപടി സ്വീകരിച്ചത്.*
*എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ വിതരണം ചെയ്യാതെ ബാക്കിയുണ്ടായിരുന്ന അരിയാണ് ഞായറാഴ്ച തന്നെ പൂർണമായി റേഷൻ കടകളിലേക്ക് എത്തിച്ചു നൽകിയത്. സാധാരണ ഞായറാഴ്ചകളിൽ റേഷൻ വിഹിതം വിതരണത്തിനെത്തിക്കുന്ന പതിവില്ലാത്തതാണ്.*
*അരി ക്ഷാമം കാരണം, ഇതുവരെ ലഭിക്കാത്തവർക്ക് അടുത്ത മാസത്തെ വിഹിതത്തോടൊപ്പം ലഭിച്ചേക്കുമെന്നായിരുന്നു ശനിയാഴ്ച വൈകീട്ട് വരെ അധികൃതർ റേഷൻ വ്യാപാരികളെ അറിയിച്ചിരുന്നത്.*
*ജില്ലയിൽ പലയിടങ്ങളിലും പി.എച്ച്.എച്ച് വിഭാഗത്തിന് മൂന്ന് കിലോഗ്രാം വീതം നൽകേണ്ട സ്പെഷ്യൽ അരി കടകളിൽ എത്താതിരുന്നത് വലിയ പരാതിക്കിടയാക്കിയിരുന്നു. മറ്റ് വിഭാഗങ്ങൾക്ക് നൽകിയ വിഹിതത്തിൽ നിന്ന് താൽക്കാലികമായി നൽകാനായിരുന്നു ആദ്യം നൽകിയ നിർദേശം. എന്നാൽ ഗോഡൗണിൽ അവശേഷിച്ച അരി മുഴുവനായി കടകളിലേക്ക് എത്തിച്ചതോടെ എല്ലാ വിഭാഗം കാർഡുടമകൾക്കും ഓണം സ്പെഷ്യൽ അരി തടസ്സമില്ലാതെ ലഭ്യമാകും.*
0 Comments