*മലപ്പുറം:* നബിദിന, ഓണാഘോഷങ്ങളുടെ സന്തോഷത്തിനിടെ സംസ്ഥാനത്ത് മഴ ഭീഷണി ഉയർത്തുന്നു. മലപ്പുറം ഉൾപ്പെടെ ആറ് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അതിശക്തമായ മഴ പ്രവചിച്ച് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.
ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ടുള്ളത്. കൂടാതെ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടും നിലവിലുണ്ട്.
ഉത്രാട ദിനമായ നാളെ ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് നാളെ മഴ മുന്നറിയിപ്പുള്ളത്.
തിരുവോണ ദിനത്തിലും സംസ്ഥാനത്തെ നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിലും നദിക്കരകളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള അപകട മേഖലകളിൽ ഉള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണമെന്നും ജാഗ്രതാ നിർദ്ദേശത്തിൽ.
0 Comments