തിരുവനന്തപുരം: ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചുനിർത്താൻ സംസ്ഥാന സർക്കാർ നടത്തിയ വിപണി ഇടപെടലിന് വൻ ജനപിന്തുണ. ഇന്ന് വൈകുന്നേരം വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം സപ്ലൈകോ ആകെ 304.65 കോടി രൂപയുടെ ഓണം വിൽപ്പനയാണ് രേഖപ്പെടുത്തിയത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ സപ്ലൈകോയുടെ ഓണം ഫെയറുകളിലും സൂപ്പർമാർക്കറ്റുകളിലും മികച്ച ജനപങ്കാളിത്തമാണ് അനുഭവപ്പെടുന്നത്. വിവിധ ജില്ലകളിലായി റെക്കോർഡ് വിറ്റുവരവാണ് ഇതുവരെ രേഖപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു.ഓണക്കാലത്ത് വിപണിയിൽ സാധനങ്ങളുടെ വില ഉയരുന്ന സാഹചര്യത്തിലാണ് സപ്ലൈകോയുടെ വിപണി ഇടപെടൽ ശ്രദ്ധേയമാകുന്നത്. ആകെ വിൽപ്പനയിൽ 109.31 കോടി രൂപയുടെ സാധനങ്ങളാണ് സബ്‌സിഡി നിരക്കിൽ വിറ്റത്. നോൺ സബ്‌സിഡി ഇനത്തിൽ 195.34 കോടി രൂപയുടെ വിൽപ്പനയും നടന്നു.
ഓണത്തോടനുബന്ധിച്ച് 13 ഇനം സബ്‌സിഡി സാധനങ്ങളാണ് സപ്ലൈകോ വഴി ലഭ്യമാക്കിയിരിക്കുന്നത്. അരി, നിത്യോപയോഗ സാധനങ്ങൾ, വെളിച്ചെണ്ണ തുടങ്ങിയവ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കിയത് സാധാരണക്കാർക്ക് വലിയ ആശ്വാസമായി. സബ്‌സിഡി നിരക്കിലുള്ള സാധനങ്ങൾ വാങ്ങാൻ വൻ തിരക്കാണ് പല ഔട്ട്‌ലെറ്റുകളിലും അനുഭവപ്പെടുന്നത്.
ലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ ഓണാവശ്യങ്ങൾ വാങ്ങാൻ സാധിച്ചതാണ് റെക്കോർഡ് വിൽപ്പനയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ
0 Comments