✍️ ഡോ. മുസദ്ദിഖ് കൊട്ടപ്പറമ്പൻ
വളരെ അസാധാരണമായ ഒരു ഗ്രന്ഥം ഇന്ന് വായിച്ചു തീർത്തു. സഈദ് മുത്തനൂർ രചിച്ച 'കാലം മായ്ക്കാത്ത മഹതികൾ' ജീവിതം കൊണ്ട് ഇതിഹാസങ്ങൾ തീർത്ത കുറെയേറെ മഹിളാരത്നങ്ങളുടെ ആവേശോജ്വലമായ ചരിത്രമാണ്. മുപ്പത്തിയേഴ് മഹിളാമണികളുടെ ത്വാഗോജ്വലമായ ചരിത്രം ഏറെ അത്ഭുതത്തോടെയല്ലാതെ വായിച്ചു തീർക്കാനാവില്ല.
ഇസ്‌ലാമിക സമൂഹം മക്കയിൽ രൂപപ്പെട്ട് വരുന്ന കാലം മുതൽ വിശ്വാസത്തിന്റെ പാതയിൽ അടിയുറച്ചു നിൽക്കുകയും മറ്റുള്ളവർക്ക് സ്വജീവിതം കൊണ്ട് മാതൃകയാവുകയും ചെയ്ത കുറെയേറെ സ്വഹാബിവനിതകളെ ഈ ഗ്രന്ഥത്തിൽ വായിക്കാം.
നബി പുത്രി ഫാത്തിമ ബീവിയുടെ ത്യാഗനിർഭരമായ ജീവിതം മുതൽ സ്വഹാബി വനിതയായ ഉമ്മു ഇസ്‌ഹാഖ് വരെയുള്ള നിരവധി മഹതികളെ ഈ പുസ്തകത്തിൽ പരാമർശിക്കുന്നു. ഇവരിൽ പലരും ചരിത്രത്തിൽ അത്ര തന്നെ ശ്രദ്ദിക്കപ്പെടാതെ പോയ മഹിളകളാണ്.
ഗ്രന്ഥകാരൻ തന്നെ ആമുഖത്തിൽ പറയുന്ന പോലെ, 'മലയാളത്തിൽ പ്രസിദ്ധീകൃതമായിട്ടില്ലാത്തതും അത്ര പ്രചുരപ്രചാരമല്ലാത്തതുമായ സ്വഹാബി വനിതകളുടെ' ചരിത്രമാണിത്.
നേരത്തെ ആനുകാലികങ്ങളിൽ നിരന്തരം എഴുതിക്കൊണ്ടിരുന്ന സഈദ് മുത്തനൂർ 2009 മുതലാണ് ഗ്രന്ഥ രചനയിലേക്ക് ശ്രദ്ധയൂന്നുന്നത്. ഇതുവരെയായി
പറഞ്ഞുതരുന്ന ചരിത്രം. (2009), ഒരു പ്രബോധകന്റെ അനുഭവങ്ങൾ (2014), ഹജ്ജ് ഉംറ ലളിതവിവരണം. (2014), ഹസ്രത്ത് ആയിശ നൂറ് കഥകൾ. (2016), മാതാപിതാക്കൾ, മക്കളുടെ ബാധ്യതകൾ (2016), മുആദ് ബിൻ ജബൽ 100 കഥകൾ, (2019), ഫാറാബിയുടെ കഥ (ചിത്രകഥകൾ) (2020), വഴികാട്ടികൾ (2022) എന്നീ ഗ്രന്ഥങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇസ്‌ലാമിക ചരിത്രത്തിൽ വിളങ്ങിനിന്ന മഹിളാരത്നങ്ങളെ മനസ്സിലാക്കാനും അവരുടെ ത്യാഗനിർഭരമായ ജീവിതത്തെ കുറിച്ച് അടുത്തറിയാനും ഈ ഗ്രന്ഥം ഉപകരിക്കും തീർച്ച. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബുക്ക് എൻ പ്രിന്റ് പബ്ലിഷിങ് ആൻഡ് ഡിസ്ട്രിബ്യുട്ട് ആണ് 'കാലം മായ്ക്കാത്ത മഹതികൾ' പ്രസിദ്ധീകരിച്ചത്.
0 Comments