*കോടഞ്ചേരി പതങ്കയത്ത് ഇരുവഞ്ഞിപ്പുഴയിൽ കാലംപാറ തൂക്കുപാലത്തിന് സമീപം മലവെള്ളപ്പാച്ചിലിൽപ്പെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. കൊണ്ടോട്ടി കിഴിശ്ശേരി കുഴിഞ്ഞോളം റോഡിൽ ഗാന്ധി നഗർ സ്വദേശി അയക്കോടൻ ഖാദറിന്റെ ഭാര്യ ജെസ്‌ന (30) യുടെ മൃതദേഹമാണ് ഇന്നലെ രാത്രിയോടെ കണ്ടെത്തിയത്.*
*ഇന്നലെ വൈകുന്നേരത്തോടെ ഉൾവനത്തിലുണ്ടായ കനത്ത മഴയെ തുടർന്ന് ഇരുവഞ്ഞിപ്പുഴയിൽ പെട്ടെന്ന് മലവെള്ളപ്പാച്ചിൽ അനുഭവപ്പെടുകയായിരുന്നു. ഈ സമയം പുഴ മധ്യത്തിലെ കല്ലിന് മുകളിൽ ഇരിക്കുകയായിരുന്ന ജെസ്‌ന നീരൊഴുക്ക് പെട്ടെന്ന് ശക്തമായതോടെ ഒഴുക്കിൽപ്പെടുകയായിരുന്നു.*
*വിവരമറിഞ്ഞ ഉടൻ തന്നെ മുക്കം ഫയർഫോഴ്‌സും കോടഞ്ചേരി പോലീസും നാട്ടുകാരും സന്നദ്ധസേനാ പ്രവർത്തകരും ചേർന്ന് പ്രദേശത്ത് വിപുലമായ തിരച്ചിൽ ആരംഭിച്ചു. തുടർന്ന് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.*
*മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റാനുള്ള നടപടികൾ പോലീസ് പൂർത്തിയാക്കിവരുന്നു.*
0 Comments