*കോടഞ്ചേരി പതങ്കയത്ത് ഇരുവഞ്ഞിപ്പുഴയിൽ കാലംപാറ തൂക്കുപാലത്തിന് സമീപം ഒഴുക്കിൽപ്പെട്ട് യുവതിയെ കാണാതായി. കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശിനി ജെസ്‌ന (30) യെയാണ് പുഴയിൽ കാണാതായത്.*
*സംഭവസ്ഥലത്ത് മുക്കം ഫയർഫോഴ്സും കോടഞ്ചേരി പോലീസും എത്തു നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തിവരികയാണ്. ഇന്ന് വൈകുന്നേരത്തോടെ ഉൾവനത്തിൽ പെയ്ത കനത്ത മഴയെ തുടർന്ന് ഇരുവഞ്ഞിപ്പുഴയിൽ പെട്ടെന്ന് ചെറിയ തോതിലുള്ള മലവെള്ളപ്പാച്ചിൽ അനുഭവപ്പെടുകയായിരുന്നു.*
*ഈ സമയം പുഴയിലെ കല്ലിന്റെ മുകളിൽ ഇരിക്കുകയായിരുന്ന യുവതി നീരൊഴുക്ക് ശക്തമായതോടെ പെട്ടെന്ന് ഒഴുക്കിൽപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ.*
*രണ്ടു മാസങ്ങൾക്ക് മുൻപും ഇതേ സ്ഥലത്ത് വച്ച് ഒഴുക്കിൽപ്പെട്ട് കിഴിശ്ശേരി സ്വദേശിയായ വിനോദസഞ്ചാര ഗൈഡ് ശിബിലി (25) മരണപ്പെട്ടിരുന്നു. കർണാടകയിൽ നിന്നുമെത്തിയ 11 അംഗ സഞ്ചാരികളുടെ സംഘത്തിനൊപ്പം എത്തിയതായിരുന്നു ശിബിലി.*
*പുഴയിൽ ഒഴുക്കിൽപ്പെട്ട സഞ്ചാരികളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ശിബിലിയെ കാണാതായത്. അന്ന് മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും ഗൈഡിന്റെ ജീവൻ രക്ഷിക്കാനായിരുന്നില്ല. പ്രദേശത്ത് അപകടങ്ങൾ പതിവാകുന്നതിൽ നാട്ടുകാർ കടുത്ത ആശങ്ക രേഖപ്പെടുത്തി.*
0 Comments