LATEST

6/recent/ticker-posts

Header Ads Widget

എച്ച്1 എൻ1, ഡെങ്കിപ്പനി, എലിപ്പനി: വില്ലനായി പകർച്ചവ്യാധികൾ മലപ്പുറം ജില്ലയിൽ ദിവസവും ചികിത്സ തേടുന്നത് രണ്ടായിരത്തിലേറെ പേർ; രണ്ട് മരണം.


മലപ്പുറം ജില്ലയിൽ പകർച്ചപ്പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതിനിടെ എച്ച്1 എൻ1 ബാധിച്ച് രണ്ടാഴ്ചയ്ക്കിടെ രണ്ടുപേർ മരണപ്പെട്ടു. വഴിക്കടവ് സ്വദേശിയായ 50 വയസ്സുകാരനും പാണക്കാട് സ്വദേശിയായ 74 വയസ്സുകാരനുമാണ് രോഗലക്ഷണങ്ങളോടെ ചികിത്സയിലിരിക്കെ മരണമടഞ്ഞത്.

ജില്ലയിലെ വിവിധ മേഖലകളിൽ ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് തീവ്ര ജാഗ്രതാ നിർദ്ദേശം നൽകി. ​സംസ്ഥാനത്ത് തന്നെ പനി ബാധിതരുടെ എണ്ണത്തിൽ മലപ്പുറം ജില്ലയാണ് ഏറ്റവും മുന്നിൽ.

ഒരാഴ്ചയ്ക്കിടെ 13,273 പേർക്കാണ് ജില്ലയിൽ പനി ബാധിച്ചത്. പ്രതിദിനം 2000 മുതൽ 2500 വരെയധികം ആളുകളാണ് പനി ലക്ഷണങ്ങളോടെ വിവിധ സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടിയെത്തുന്നത്. പനിക്ക് പുറമെ വയറിളക്ക രോഗങ്ങളും ജില്ലയിൽ വ്യാപകമായിട്ടുണ്ട്. ദിവസേന 300-ഓളം പേരാണ് വയറിളക്ക രോഗങ്ങൾക്ക് ചികിത്സ തേടുന്നത്.

മഞ്ചേരി, പെരിന്തൽമണ്ണ, പാണ്ടിക്കാട്, കൊണ്ടോട്ടി, എടയൂർ, പള്ളിക്കൽ, ചെറുകാവ്, വെട്ടക്കോട്, കീഴുപറമ്പ് എന്നിവിടങ്ങളിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. അമരമ്പലം, നിലമ്പൂർ, വഴിക്കടവ്, ചുങ്കത്തറ, തിരുനാവായ, വാഴക്കാട്, കീഴാറ്റൂർ, മങ്കട, കരുവാരകുണ്ട് എന്നീ പ്രദേശങ്ങളിൽ എലിപ്പനി കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം തിരുനാവായ സ്വദേശിയായ 73 കാരി എലിപ്പനി ബാധിച്ച് മരണപ്പെട്ടിരുന്നു. ​രോഗബാധിതർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും സ്രവങ്ങളിലൂടെ വായു വഴിയാണ് എച്ച്1 എൻ1 പ്രധാനമായും പകരുന്നത്.

കടുത്ത പനി, ചുമ, തൊണ്ടവേദന, മൂക്കടപ്പ്, കടുത്ത ക്ഷീണം, ശ്വാസതടസ്സം എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, ഹൃദ്രോഗം, ആസ്ത്മ, പ്രമേഹം തുടങ്ങിയ രോഗമുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും രോഗലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടണമെന്നും ആരോഗ്യ വിദഗ്ദ്ധർ.

Post a Comment

0 Comments