*കഴിഞ്ഞ ആഴ്ച വീട്ടിലെത്തിയപ്പോൾ അസീം പതിവുപോലെ എല്ലാവരോടും ചിരിച്ചും സംസാരിച്ചും നിന്നു. കുടുംബസംഗമത്തിൽ പങ്കെടുത്ത് പ്രിയപ്പെട്ടവർക്കൊപ്പം സന്തോഷം പങ്കിട്ടാണ് മടങ്ങിയത്.*
*കുറച്ചു ദിവസത്തെ നാട്ടുവിശ്രമത്തിനുശേഷം പത്താം തീയതി ജോലിയുടെ ഭാഗമായി കോയമ്പത്തൂരിലേക്ക് മടങ്ങുമ്പോൾ, അത് അസീമിന്റെ അവസാന യാത്രയാകുമെന്ന് ആരും കരുതിയില്ല. കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തിൽ അസീമിന്റെ ജീവൻ പൊലിഞ്ഞെന്ന വാർത്ത ഞെട്ടലോടെയാണ് അരീക്കോട് കേട്ടത്.*
*മുൻ സന്തോഷ് ട്രോഫി താരവും കോയമ്പത്തൂർ രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് ഇൻസ്പെക്ടറുമായ അസീം കൊറളിയാടൻ (44) വാഹനാപകടത്തിൽ മരിച്ചു.*
*ബുധനാഴ്ച രാത്രി 10 മണിയോടെ ബൈക്കിൽ ഡ്യൂട്ടിക്കു പോകുമ്പോൾ അവിനാശി റോഡ് സിട്രയിൽ വെച്ചായിരുന്നു അപകടം.*
*അരീക്കോടിൻ്റെ പൊടിപടലമുയർന്ന മൈതാനങ്ങളിൽ പന്തിനൊപ്പം ഓടിത്തുടങ്ങിയ ആ ചെറുപ്പക്കാരൻ പിന്നീട് രാജ്യത്തെ പ്രമുഖ ഫുട്ബോൾ വേദികളിലെത്തുകയായിരുന്നു.*
*മൈതാനത്തെ* *അറ്റാക്കിങ് മിടുക്ക്*
*ഇരട്ടസഹോദരൻ അനീസിനൊപ്പമുള്ള അസീമിന്റെ പ്രകടനങ്ങൾ അരീക്കോടിൻ്റെ ഫുട്ബോൾ ഓർമകളിൽ ഇന്നും തെളിഞ്ഞു നിൽക്കുന്നു.*
*ഇലവൻസ് മൈതാനമായാലും സെവൻസ് മൈതാനമായാലും പന്ത് കാലിലെത്തിയാൽ അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാൻ എതിരാളികൾക്ക് എളുപ്പമായിരുന്നില്ല*
*വേഗത്തിൽ ഇടം കണ്ടെത്തി കുതിക്കുക, ബോക്സിനുള്ളിൽ അവസരം മണത്തറിയുക, കിട്ടുന്ന അവസരം കരുത്തോടെ വലയിലെത്തിക്കുക എന്നതായിരുന്നു അസീമിൻ്റെ കളിയുടെ മുഖമുദ്ര.*
*ഗോൾ നേടുന്നവൻ എന്നതിലപ്പുറം ഗോൾ പിറക്കുന്നതിന് മുമ്പേ അതിൻ്റെ വഴി കണ്ടെത്തുന്ന മുന്നേറ്റക്കാരൻ എന്നതായിരുന്നു അസീമിന്റെ പ്രത്യേകത.*
*കോളജ് മൈതാനത്ത് നിന്ന് ദേശീയ വേദികളിലേക്ക്*
*എം.ഇ.എസ് മമ്പാട് കോളജിലെ ഫുട്ബോൾ ടീമിൽനിന്നാണ് അസീമിന്റെ യാത്ര വലിയ വേദികളിലേക്ക് നീളുന്നത്.*
*കാലിക്കറ്റ് സർവകലാശാല ടീമിലും പിന്നീട് മലപ്പുറം ജില്ലാ ടീമിലും ഇടം നേടി.*
*അവിടെനിന്ന് ഇന്ത്യൻ ഫുട്ബോളിലെ വലിയ പേരുകളിലൊന്നായ വി.പി. സത്യൻ്റെ പരിശീലനത്തിൽ ഇന്ത്യൻ ബാങ്ക് ടീമിൽ കളിക്കാനുള്ള അവസരം ലഭിച്ചതോടെ കരിയർ പുതിയ പാതയിലേക്ക് തിരിഞ്ഞു.*
*സ്വാഭാവികമായി ലഭിച്ച ആക്രമണ മികവിന് പരിശീലനത്തിന്റെ ചിട്ടയും തന്ത്രബോധവും കൂട്ടിച്ചേർത്തത് ആ കാലഘട്ടമായിരുന്നു.*
*പിന്നീട് രാജ്യത്തെ പ്രമുഖ ടൂർണമെന്റുകളിലും ക്ലബ്ബുകളിലും അസീമിന്റെ സാന്നിധ്യമുണ്ടായി.*
*പൊതുദർശനവും കബറടക്കവും കോയമ്പത്തുരിൽനിന്ന് ഔദ്യോഗിക ബഹുമതികൾ പൂർത്തിയാക്കി വീട്ടിലെത്തിച്ച മൃതദേഹം പൊതുദർശനത്തിനുശേഷം മൈത്ര ജുമുഅത്ത് പള്ളിയിൽ കബറടക്കി.*
*നൂറുകണക്കിന് ആളുകളാണ് അരീക്കോട് പുത്തലം മൈത്രക്കടവിലെ അസീമിന്റെ വീട്ടിലും മൈത്ര പള്ളിയിലും അന്തിമോപചാരമർപ്പിക്കാൻ എത്തിയത്.*
0 Comments