ന്യൂഡൽഹി: പൈലറ്റുമാർക്കിടയിൽ ലഹരിമരുന്ന് പരിശോധന നിർബന്ധമാക്കാൻ എയർ ഇന്ത്യ. ഇനിമുതൽ എല്ലാ പൈലറ്റുമാരിലും നിർബന്ധിതമായി പരിശോധന നടത്തണമെന്നാണ് വിമാനക്കമ്പനിയുടെ നിർദേശം.
ഗുഡ്ഗാവിലെ ട്രെയിനിങ് അക്കാദമി, ബ്രീഫിങ് സെൻ്ററുകൾ, ഒഫീഷ്യൽ ഹോം ബേസുകൾ എന്നിവിടങ്ങളിലായിരിക്കും പരിശോധന നടത്തുക. എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റുമാർക്കും ഇത് ബാധകമാണ്.
ഇതുവരെ ഒരു വർഷത്തിൽ 10 ശതമാനം ക്രൂ ജീവനക്കാരിൽ മാത്രമേ എയർ ഇന്ത്യ ഡ്രഗ് ടെസ്റ്റ് നടത്തിയിരുന്നുള്ളു. എന്നാൽ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ട സംഭവത്തെ തുടർന്ന് കമ്പനി തീരുമാനം കടുപ്പിക്കുകയായിരുന്നു. ആഗസ്റ്റ് നാലിന് തായ്ലാൻഡിലെ ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനം ആക്ഷത്തുവെച്ച് 300 അടിയോളം താഴേക്ക് പതിക്കുകയായിരുന്നു. 137 യാത്രക്കാരും 8 ജീവനക്കാരുമായി പുറപ്പെട്ട എയർ ഇന്ത്യയുടെ AI-2379 (എയർബസ് A320neo) വിമാനമാണ് താഴ്ന്ന് പറന്നത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിമാനത്തിന്റെ ക്യാപ്റ്റൻ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഫലം ഉറപ്പിക്കാനായി നടത്തിയ രണ്ടാമത്തെ പരിശോധനയും പോസിറ്റീവായിരുന്നു. കഞ്ചാവിന് പുറമെ ഇയാൾ ഉറക്കഗുളിക കഴിച്ചിരുന്നതായും കണ്ടെത്തി.
അതേസമയം വിമാനം ആകാശച്ചുഴിൽപ്പെട്ടോ എന്നും വിമാനത്തിന് മറ്റ് സാങ്കേതിക തകരാർ ഉണ്ടോയെന്നും എയർ ബസ് സംഘം പരിശോധിക്കും. വിമാനത്തിന് ട്രിപ്പിൾ ഹൈഡ്രോളിക് തകരാർ സംഭവിച്ചതായാണ് പ്രാഥമിക കണ്ടെത്തൽ. വിമാനം അപ്രതീക്ഷിതമായി താഴ്ന്ന് പറന്നതോടെ 20 യാത്രക്കാർക്ക് പരിക്കേറ്റിരുന്നു.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും എയർ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുമാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്. പൈലറ്റിന്റെ ലഹരി ഉപയോഗവും ജോലിഭാരവും അപകടത്തിന് കാരണമായിട്ടുണ്ടോ എന്നത് അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
0 Comments