*ദേശീയപാത 66-ലെ ഒളവണ്ണ ടോൾ പ്ലാസയ്ക്ക് സമീപത്തുനിന്ന് മൂന്നര കിലോയോളം എം.ഡി.എം.എ പിടികൂടിയ കേസിന്റെ തുടർഅന്വേഷണത്തിൽ വൻ ലഹരിശൃംഖലയെ പൂട്ടി എക്സൈസ്. കൊണ്ടോട്ടി സ്വദേശിയും യൂട്യൂബ് ഇൻഫ്ലുവൻസറും പിടിയിലായ കേസിൽ ഇതരസംസ്ഥാനക്കാരുൾപ്പെടെ ഏഴ് പേർ കൂടി അറസ്റ്റിലായി. ഇതോടെ കേസിലെ ആകെ അറസ്റ്റ് ഒൻപതായി.*
*കഴിഞ്ഞ ഏപ്രിൽ 23-ന് കൊണ്ടോട്ടി സ്വദേശി പി.കെ. ഷഫീഖ് (36), അടിയാരം സ്വദേശിനിയും യൂട്യൂബർമാരിൽ ഒരാളുമായ ഫാത്തിമ നസ്രിൻ (20) എന്നിവരെ എക്സൈസ് എം.ഡി.എം.എയുമായി പിടികൂടിയിരുന്നു. കേസിൽ രൂപീകരിച്ച 11 അംഗ പ്രത്യേക എക്സൈസ് സംഘം നടത്തിയ അന്വേഷണത്തിലാണ് അന്താരാഷ്ട്ര ലഹരിസംഘത്തിലെ പ്രധാന കണ്ണികൾ ഒന്നൊന്നായി വലയിലായത്.*
*ലഹരി കടത്താൻ കാർ നൽകിയ കിഴിശ്ശേരി സ്വദേശി ഉമ്മർ ഫാറൂഖ് (36), ലഹരിക്കടത്തിന്റെ സൂത്രധാരനായ തിരൂർ സ്വദേശി ബിലാൽ എന്നിവരാണ് ആദ്യം പിടിയിലായത്. നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കവേ ഡൽഹിയിൽ വെച്ചാണ് ബിലാലിനെ പിടികൂടിയത്.*
*രാജസ്ഥാൻ അതിർത്തിയിൽ നിന്ന് പിസ്റ്റളുകൾ വാങ്ങി വിൽക്കുന്ന വൻ ആയുധക്കടത്ത് സംഘത്തിലും ഇയാൾക്ക് പങ്കുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി.*
*തുടർന്ന് നടത്തിയ തിരച്ചിലിൽ ലഹരി എത്തിച്ചുനൽകിയ രാജസ്ഥാൻ സ്വദേശികളായ ഹിരൺ കാർത്തികേയൻ (31), സഹായി ആരോമൽ എന്ന ഗഗൻ (22), വ്യാജ രേഖകൾ നിർമ്മിച്ച് നൽകിയ റംസിയ (26), ലഹരിപ്പണം അക്കൗണ്ടുകളിൽ നിക്ഷേപിച്ച കോഴിക്കോട് കൊടിയത്തൂർ സ്വദേശി നൗഷാദ് (49), ലഹരി കടത്താൻ വാഹനത്തിൽ രഹസ്യ അറ നിർമിച്ചുനൽകിയ മഹാരാഷ്ട്രയിലെ വർക്ക്ഷോപ്പ് ഉടമ സന്ദേശ് മോഹൻ വാൽക്കെ (27) എന്നിവരെയും എക്സൈസ് അറസ്റ്റ് ചെയ്തു.*
*ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുമ്പോൾ നൈജീരിയൻ സ്വദേശിയായ ഇമ്മാനുവൽ അഫാമിൽ നിന്നാണ് മയക്കുമരുന്ന് ഉറവിടം ലഭിച്ചതെന്ന് തെളിഞ്ഞിട്ടുണ്ട്. ഇയാൾക്കായി എക്സൈസ് ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു.*
*കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ ഉദ്യോഗസ്ഥരടങ്ങിയ സംഘമാണ് മാസങ്ങൾ നീണ്ട അന്വേഷണത്തിലൂടെ കേസിന് പിന്നിലെ വലിയ അധോലോകത്തെ പുറത്തുകൊണ്ടുവന്നത്.*
0 Comments