LATEST

6/recent/ticker-posts

Header Ads Widget

മാറിമാറിയെത്തിയത് 'ഉറപ്പുകൾ' മാത്രം; 400 കെ.വി ലൈനിന് താഴെ ഇരുട്ടിൽ തപ്പി ഒരു കുടുംബം..


*മഞ്ചേരി കുരിരുട്ടിൽ നിന്ന് മാറി ഇത്തിരി വെട്ടത്തിരുന്ന് മക്കൾക്കൊന്ന് പഠിക്കണം വത്സലയ്ക്കും കുടുംബത്തിനും ഇതിനപ്പുറം വലിയ ആഗ്രഹങ്ങളൊന്നുമില്ല. എന്നാൽ, അതിനായി കയറിയിറങ്ങാത്ത സർക്കാർ ഓഫീസുകളോ കാണാത്ത മന്ത്രിമാരോ സമർപ്പിക്കാത്ത അപേക്ഷകളോ ബാക്കിയില്ല.* 

*എട്ടു വർഷത്തോളമായി നിരന്തരം അലഞ്ഞിട്ടും ഇരുട്ടിൽത്തന്നെ കഴിയാനാണ് ഈ നിർധന കുടുംബത്തിന്റെ വിധി.*

*​അരീക്കോട് ഐ.ടി.ഐ കാരപ്പള്ളിയാളിയിൽ ടി. വത്സലയും മക്കളും വൈദ്യുതി കണക്ഷനായി കെഎസ്ഇബി ഓഫീസുകൾ കയറിയിറങ്ങാൻ തുടങ്ങിയിട്ട് കാലമേറെയായി. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത ഇരുട്ടുനിറഞ്ഞ വീട്ടിലാണ് ഈ പട്ടികജാതി കുടുംബം ജീവിക്കുന്നത്.* 

*മക്കൾക്ക് വെളിച്ചത്തിരുന്ന് പഠിക്കണം, അതിനൊരു വഴിയുണ്ടാക്കണം എന്ന് മാത്രമാണ് വത്സലയ്ക്ക് അധികാരികളോട് യാചിക്കാനുള്ളത്.* 

*എവിടെച്ചെന്നാലും എല്ലാം ശരിയാക്കാമെന്ന ഉറപ്പു ലഭിക്കുമെങ്കിലും, ഉള്ളുപൊള്ളുന്ന വേദനയോടെ നിരാശയോടെ മടങ്ങാനാണ് ഇവർക്ക് യോഗം. മന്ത്രിമാരെ മാറിമാറി കണ്ട് പരാതി നൽകിയപ്പോൾ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയെന്ന മറുപടി കിട്ടിയെങ്കിലും ഇവരുടെ വീട്ടിലേക്ക് മാത്രം വെളിച്ചമെത്തിയില്ല.*

*​2017-ലാണ് അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് ഇവർക്ക് ഭൂമിയും വീടും നൽകിയത്. എന്നാൽ, അരീക്കോട് പവർഗ്രിഡിൽ നിന്ന് വൈദ്യുതി വിതരണം ചെയ്യുന്ന 400 കെ.വി ലൈനിന് തൊട്ടച്ചുവട്ടിലാണ് ഈ ഭൂമി സ്ഥിതി ചെയ്യുന്നത്. ഇത് തന്നെയാണ് കുടുംബത്തിന് വില്ലനായതും.* 

*നിയമപ്രകാരം ഹൈടെൻഷൻ ഓവർഹെഡ് ലൈനുകൾക്ക് താഴെ കെട്ടിടം നിർമിക്കാൻ പാടില്ല. ഈ ചട്ടം പൂർണമായും ലംഘിച്ചാണ് ബ്ലോക്ക് പഞ്ചായത്ത് വത്സലയ്ക്കും കുടുംബത്തിനും ഇവിടെ സ്ഥലം കണ്ടെത്തി നൽകിയത്.*

*വീട് നിർമിക്കുന്ന വേളയിൽ പവർ ഗ്രിഡ് അധികൃതർ തടസ്സം ഉന്നയിക്കാതിരുന്നതും വലിയ വീഴ്ചയായി.*

*​നിയമതടസ്സം കാരണം നിലവിലെ വീട്ടിൽ വൈദ്യുതി കണക്ഷൻ നൽകാൻ സാധിക്കില്ലെങ്കിൽ, തങ്ങൾക്ക് സുരക്ഷിതമായ മറ്റൊരിടത്ത് വീട് നിർമിച്ചു നൽകാനെങ്കിലും അധികൃതർ കനിയണമെന്നാണ് ഇവരുടെ അപേക്ഷ.*

*നിത്യരോഗിയായ വത്സല കഴിഞ്ഞ അഞ്ചു വർഷമായി തന്റെ ശാരീരിക ബുദ്ധിമുട്ടുകളും വേദനകളും കടിച്ചമർത്തി ജീവിക്കുന്നത് തന്റെ മക്കളുടെ ഭാവി ഓർത്ത മാത്രമാണ്. ഭൂരിഭാഗം സർക്കാർ ആനുകൂല്യങ്ങളും പ്രഖ്യാപനങ്ങളിൽ ഒതുങ്ങുമ്പോൾ, എന്ന് സ്വന്തം വീട്ടിൽ ഒരു തുണ്ട് വെളിച്ചം തെളിയുമെന്ന ചോദ്യത്തിന് മുന്നിൽ പകച്ചുനിൽക്കുകയാണ് ഈ കുടുംബം.*

Post a Comment

0 Comments