LATEST

6/recent/ticker-posts

Header Ads Widget

സ്വർണ വിപണിയിൽ പൊന്നോണത്തിളക്കം: വിൽപ്പന 10,000 കോടി കടക്കുമെന്ന് പ്രതീക്ഷ





ഓണക്കോടിയും സദ്യയും പൂക്കളുമായി തിരുവോണമെത്തുമ്പോൾ സ്വർണവിപണിയിൽ ഉണ്ടായത് മികച്ച വിൽപ്പന. ഉത്സവദിനങ്ങളും വിവാഹ സീസണും ഒരുമിച്ചെത്തുന്നതാണ് ഓണക്കാലത്ത് സ്വർണവിപണിക്ക് തിളക്കമേറ്റുന്നത്.

ചിങ്ങം പിറന്നതോടെ സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പുണ്ടായിരുന്നു. എന്നാൽ വിലക്കയറ്റം വിൽപ്പനയെ ബാധിച്ചിട്ടില്ലെന്നാണ് പ്രമുഖ സ്വർണവ്യാപാരികൾ അറിയിക്കുന്നത്. ഇത്തവണ വിൽപ്പന 10,000 കോടി രൂപ കടക്കുമെന്നാണ് പ്രതീക്ഷ. ഓണസീസണിലെ വിൽപ്പനയെ മാറ്റിനിർത്തിയാലും സ്വർണാഭരണങ്ങൾ വിറ്റുപോകുന്നുണ്ട്. കൂടിയ വിലയിൽ സ്വർണാഭരണം വാങ്ങിയാലും, ഭാവിയിൽ മൂല്യം വീണ്ടും ഉയരുമെന്ന് ഉപഭോക്താക്കൾ കണക്കാക്കുന്നതാണ് ഈ പ്രവണതയ്ക്ക് പിന്നിൽ. അതിനാൽ, ഒരേസമയം സമ്മാനവും നിക്ഷേപവുമായി കണക്കാക്കാവുന്ന സ്വർണാഭരണങ്ങൾക്കായി പണം മുടക്കാൻ അവർ മടിക്കുന്നില്ല.

കഴിഞ്ഞ വർഷം ഉത്രാടം നാളിൽ സംസ്ഥാനത്ത് ഒരു പവൻ സ്വർണാഭരണത്തിന് 78,360 രൂപയായിരുന്നു വില. ഇത്തവണയത് 1,20,080 രൂപയിലെത്തി. അതായത് 41,720 രൂപയുടെ വർധന. മുൻവർഷത്തെ വില അനുസരിച്ച് 10,000 കോടി രൂപയുടെ വിറ്റുവരവുണ്ടാകാൻ 12.76 ലക്ഷം പവന്റെ വിൽപ്പനയെങ്കിലും നടക്കണം. വിലക്കയറ്റം കാരണം നിലവിലെ വിലയിൽ 83,278 പവനെങ്കിലും വിറ്റുപോയാൽ മതി. അതിനാൽ മുൻവർഷത്തേക്കാൾ വിറ്റുപോകുന്ന സ്വർണത്തിന്റെ അളവിൽ കുറവുണ്ടായേക്കും. വിലക്കയറ്റത്തിന് അനുസൃതമായി വാങ്ങുന്ന സ്വർണാഭരണങ്ങളുടെ അളവ് ഉപഭോക്താവ് കുറയ്ക്കുമെന്നതാണ് പ്രധാന കാരണം. കൂടാതെ 18 കാരറ്റ്, ഒൻപത് കാരറ്റ് സ്വർണാഭരണങ്ങൾ തിരഞ്ഞെടുക്കുന്നവരുടെയും പഴയത് നൽകി പുതിയ സ്വർണാഭരണങ്ങൾ വാങ്ങുന്നവരുടെയും എണ്ണത്തിലും വർധനയുണ്ട്. ഭാരം കുറഞ്ഞതും എപ്പോഴും ഉപയോഗിക്കാൻ പറ്റുന്നതുമായ ആഭരണങ്ങളോടാണ് ചെറുപ്പക്കാർക്കും കൂടുതൽ പ്രിയം.

സ്വർണവിലയ്ക്ക് സമാനമായി വിൽപ്പനയും മുകളിലേക്കാണെന്ന് കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. ആഭരണം എന്നതിനൊപ്പം മികച്ച നിക്ഷേപമെന്ന നിലയിലും സ്വർണത്തിന്റെ പ്രാധാന്യം കൂടുകയാണ്. 2001-ലേതിനേക്കാൾ 510 ശതമാനമാണ് വിലയിലുണ്ടായ വർധന. അതിനാൽ സ്വർണത്തിന് ഭാവിയിലുണ്ടാകാവുന്ന മികച്ച സാധ്യതയെക്കുറിച്ച് ഉപഭോക്താക്കൾ ബോധവാൻമാരാണെന്ന് അദ്ദേഹം പറഞ്ഞു.

പുതുതലമുറ കൂടുതലായി 18 കാരറ്റ് സ്വർണാഭരണങ്ങളാണ് തിരഞ്ഞെടുക്കുന്നതെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. വസ്ത്രങ്ങൾക്ക് യോജിക്കുന്ന ആഭരണങ്ങളാണ് ജെൻസി തിരഞ്ഞെടുക്കുന്നത്. ഒന്നിലധികം ആഭരണങ്ങൾ വാങ്ങാനും മടിയില്ല. പരിസ്ഥിതി, സാമൂഹികം, ഭരണനിർവഹണം (ഇ.എസ്.ജി.) മൂല്യങ്ങൾക്ക് മുൻഗണന നൽകുന്ന 'റെസ്പോൺസിബിൾ ജൂവലർ' കാംപെയ്ന് ജെൻസിക്കിടയിൽ സ്വീകാര്യതയുണ്ടെന്നും അദ്ദേഹം അറിയിച്ചു

വിലവർധന മൂലം സ്വർണാഭരണം വാങ്ങുന്നത് മാറ്റിവെയ്ക്കാൻ ഉപഭോക്താക്കൾ തയ്യാറാകുന്നില്ലെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു. ആഭരണങ്ങൾക്കായി പണം ചെലവാക്കുമ്പോൾ ഉപഭോക്താക്കൾ കൂടുതൽ ശ്രദ്ധാലുക്കളാണ് എന്നത് സത്യമാണ്. അതിനാൽ ബജറ്റിനനുസരിച്ച് മികച്ച മൂല്യവും ഗുണമേന്മയും ഈടുനിൽക്കുന്നതുമായ ഡിസൈനുകൾക്കാണ് ഇപ്പോൾ കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

0 Comments