ഭരണത്തോടൊപ്പം സംഘടനാ തലത്തിൽ ശക്തമായ പ്രവർത്തനങ്ങൾ ഉറപ്പിക്കാനുള്ള നടപടികളുമായി മുസ്ലിം ലീഗ്. പുതുതലമുറയുടെ കാലത്തിനൊപ്പം സഞ്ചരിച്ച് സംഘടനാ തലത്തിൽ പുതിയ നേതാക്കൾക്ക് വഴി തെളിയിക്കാൻ ആകും വിധം 'ഒരാൾക്ക് ഒരു പദവി' എന്ന നയം പൂർണ്ണമായും നടപ്പാക്കാൻ ആണ് ലീഗിൻറെ തീരുമാനം.
എംപിമാർ, എംഎൽഎമാർ, മന്ത്രിമാർ ഉൾപ്പെടെ ജനപ്രതിനിധികളായ എല്ലാവരും പാർട്ടിയിലും പോഷക സംഘടനകളിലും വഹിക്കുന്ന ഭാരവാഹിത്വം ഒഴിയണമെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ നിർദ്ദേശം നൽകി.
ജനപ്രതിനിധികൾക്കൊപ്പം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് ആയി ഇടം നേടിയ ലീഗ് നേതാക്കളെയും സംഘടനാ പദവികളിൽ നിന്ന് ഒഴിവാക്കും. സംസ്ഥാന ഭാരവാഹിത്വമൊഴിയുന്ന മുതിർന്ന അംഗങ്ങൾക്ക് സംഘടനയുടെ നയരൂപീകരണം നടപ്പാക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായി തുടരാനുള്ള അവസരം ഒരുക്കും .
നിലവിലുള്ള 5 മന്ത്രിമാരിൽ മൂന്നുപേർ സംഘടന പദവികളിൽ നിന്ന് മാറും.മന്ത്രി കെഎം ഷാജി , എൻ ഷംസുദ്ദീൻ എന്നിവർ ലീഗ് സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയും.
ലീഗ് എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വി ഇ അബ്ദുൽ ഗഫൂറും മാറും. അതേസമയം, ലീഗിൻറെ ദേശീയ ജനറൽ സെക്രട്ടറി പദവിയിലുള്ള മുതിർന്ന നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, ലീഗ് സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം പി കെ ബഷീർ എന്നിവർ സംഘടന തലങ്ങളിലും തുടരും. എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പികെ നവാസ് കഴിഞ്ഞദിവസം പദവി ഒഴിഞ്ഞിരുന്നു. എംഎൽഎമാരായ ആബിദ് ഹുസൈൻ തങ്ങൾ, പാറക്കൽ അബ്ദുല്ല, കല്ലട്ര മാഹിൻ, എം എ റസാഖ്, പി കെ ഫിറോസ്, ടി പി അഷറഫലി , എം റഹ്മത്തുള്ള, ഫാത്തിമ തഹലിയ എന്നിവർ സംഘടന പദവികൾ ഒഴിയും. സംസ്ഥാന ഭാരവാഹിത്വം ഒഴിയുന്ന മുതിർന്ന നേതാക്കൾ സംസ്ഥാന സെക്രട്ടറിയേറ്റിൽ അംഗങ്ങളായി തുടരും.
0 Comments