പേരാമ്പ്ര ബിആര്‍സിക്കു കീഴിലെ താല്‍ക്കാലിക കായിക അധ്യാപികയാണ് കീർത്തന. വിവിധ സ്കൂളുകളില്‍ പലദിവസങ്ങളിലായി എത്തി കുട്ടികള്‍ക്കു പരിശീലനം നല്‍കുന്ന രീതിയിലായിരുന്നു ജോലി. ഇതു മറയാക്കിയായിരുന്നു ലഹരി വില്‍പന. എംഎ സൈക്കോളജി കഴിഞ്ഞ കാവ്യ ബിആര്‍സിക്കു കീഴിലെ ചെറൂവാളൂര്‍ സര്‍ക്കാര്‍ എല്‍പി. സ്കൂളിനോടു ചേര്‍ന്നുള്ള ഓട്ടിസം സ്കൂളിലെ അധ്യാപികയായിരുന്നു. ആഴ്ചയില്‍ മുന്ന് ദിവസമായിരുന്നു കാവ്യയ്ക്ക് ജോലി. 2016 മുതല്‍ സ്പെഷ്യല്‍ ഏജുക്കേറ്ററായി ജോലി ചെയ്യുകയാണ് കാവ്യ. രണ്ടു വര്‍ഷം മുന്‍പ് വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റ കാവ്യക്ക് കോഴിക്കോട് ജില്ലയിലെ 15 ബിആര്‍സികളില്‍ നിന്നുള്ള അധ്യാപകർ പിരിവെടുത്ത് സഹായിച്ചിരുന്നു. എന്നാല്‍ അടുത്തിടെ വില കൂടിയ ആഡംബര കാര്‍ കാവ്യ വാങ്ങി. വിദേശത്ത് ജോലി നോക്കുന്ന സഹോദരന്‍റെ വാഹനമാണന്നായിരുന്നു കാവ്യ നല്‍കിയ വിശദീകരണം.
2000 രൂപ വീതം അയച്ചുനല്‍കിയാല്‍ ലഹരി ഒളിപ്പിച്ചുവച്ച ലൊക്കേഷന്‍ ഇവര്‍ പണം അയച്ചുനല്‍കിയ ആള്‍ക്കു കൈമാറും. ലൊക്കേഷനിലെത്തുന്നവര്‍ക്കു സംഘത്തിലെ മറ്റൊരാള്‍ ലഹരി മരുന്നു കൈമാറും. ഇങ്ങനെ ലഭിക്കുന്ന പണം വന്‍തുകയാവുന്നതോടെ കാവ്യയുടെ അക്കൗണ്ടിലേക്കു മാറ്റുകയും അന്വേഷണ ഏജന്‍സികളുടെ കണ്ണുവെട്ടിക്കുന്നതുമായിരുന്നു കച്ചവടതന്ത്രം. ലഹരി ഉപയോഗിക്കുന്നവരുമായി ബന്ധമില്ലെങ്കിലും വന്‍കിട ഇടപാടുകാരുമായി കീര്‍ത്തനയ്ക്ക് അടുത്തു ബന്ധമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി.
കീര്‍ത്തന അറസ്റ്റിലായതിനു പിന്നാലെ കാവ്യയെ കുറിച്ച് പേരാമ്പ്ര ബിആര്‍എസി അധികൃതര്‍ക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നു. കാവ്യയുടെ ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് പരിശോധിക്കുന്നുവെന്ന വിവരം കിട്ടിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇവര്‍ ജോലി ചെയ്യുന്ന സ്കൂള്‍ എച്ച്എമ്മിനു മുന്നറിയിപ്പ് നല്‍കിയത്. ഇക്കാര്യം കാവ്യ അറിഞ്ഞതോടെ സ്കൂളില്‍ ബഹളം വച്ചു. പിന്നാലെ ബിആര്‍സിയിലേക്കു വിളിച്ചുവരുത്തി വിശദീകരണം തേടി. അറസ്റ്റിലായ കീര്‍ത്തനയുമായി സൗഹൃദം മാത്രമേ ഉള്ളൂവെന്നും ലഹരി സംഘവുമായി ബന്ധമില്ലെന്നും ആവര്‍ത്തിച്ചു പറഞ്ഞതോടെ ബിആര്‍സി അധികൃതര്‍ താക്കീത് നല്‍കി വിട്ടയച്ചു. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോഴും ഇക്കാര്യം കാവ്യ ആവർത്തിച്ചു. കീർത്തനയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. കാവ്യയെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങും.
0 Comments