*കോഴിക്കോട്, മലപ്പുറം ജില്ലകളിൽ സർവീസ് നടത്തുന്ന പ്രിയദർശിനി ബസ്സുകളിൽ കവർച്ചാ സംഘം പിടിമുറുക്കുന്നു. യാത്രക്കാരുടെ കനത്ത തിരക്ക് മുതലാക്കി സ്വർണ്ണമാലകളും പണവും കവരുന്ന സംഭവങ്ങളാണ് മേഖലയിൽ പതിവാകുന്നത്.*
*ഇന്നലെ മാത്രം പെരിന്തൽമണ്ണ - കോഴിക്കോട് റൂട്ടിൽ യാത്ര ചെയ്ത രണ്ട് വനിതാ യാത്രക്കാരുടെ അഞ്ച് പവനോളം വരുന്ന സ്വർണ്ണാഭരണങ്ങളാണ് സംഘം കവർന്നത്. കോഴിക്കോട് നിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സിലെ യാത്രക്കാരിയുടെ രണ്ട് പവന്റെ മാലയും, മക്കരപ്പറമ്പിൽ നിന്ന് കയറിയ മൊറയൂർ സ്വദേശിനിയുടെ മൂന്ന് പവൻ വരുന്ന താലിമാലയുമാണ് നഷ്ടപ്പെട്ടത്.*
*രണ്ടിടത്തും കവർച്ച നടന്ന വിവരം അറിഞ്ഞ ഉടൻ തന്നെ യാത്രക്കാർ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് ഇന്നലെ വൈകീട്ടോടെ രണ്ടിടത്തായി സർവീസ് നടത്തുന്ന ബസ്സുകൾ കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായ പരിശോധന നടത്തിയെങ്കിലും യാതൊന്നും കണ്ടെത്താനായില്ല.*
*തിരക്ക് മുതലെടുത്ത് ആഭരണങ്ങൾ കവർന്ന ശേഷം മോഷ്ടാക്കൾ വഴിമധ്യേ ബസ്സിൽ നിന്ന് ഇറങ്ങി രക്ഷപ്പെട്ടിട്ടുണ്ടാകാം എന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.*
*തിരക്കേറിയ സമയങ്ങളിൽ ബസ് യാത്ര നടത്തുമ്പോൾ വലിയ അളവിലുള്ള സ്വർണ്ണാഭരണങ്ങൾ ധരിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും, യാത്രക്കാർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
0 Comments