*കഴിഞ്ഞ ദിവസം കുറ്റിപ്പുറത്തുണ്ടായ വൻ ബസ് അപകടത്തിന്റെ പ്രധാന കാരണം അമിത വേഗതയാണെന്ന് വ്യക്തമാക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. അമിത വേഗതയിലായിരുന്ന ബസ് പെട്ടെന്ന് സ്റ്റിയറിങ് വെട്ടിച്ചതിനെ തുടർന്ന് വട്ടംതിരിഞ്ഞ് ഡിവൈഡറിൽ ഇടിച്ചാണ് മറിഞ്ഞത്.*
*ഇടിയുടെ ആഘാതത്തിൽ ബസിന്റെ ഷാസിയും ബോഡിയും തമ്മിലുള്ള ബന്ധം വേർപെടുകയും ചെയ്തു. പെട്ടെന്നുള്ള വെട്ടിക്കലും ബ്രേക്കിങ്ങുമാണ് വാഹനത്തിന്റെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെടാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക സൂചന.*
*2016 മോഡലിലുള്ള ഈ ബസിൽ എ.ബി.എസ് ബ്രേക്കിങ് സംവിധാനം ഉണ്ടായിരുന്നുവെങ്കിലും അപകടസമയത്ത് ഇത് കൃത്യമായി പ്രവർത്തിച്ചിരുന്നില്ലെന്നാണ് കരുതുന്നത്.*
*റോഡിൽ ഒരു വശത്തെ ടയറിന്റെ സ്‌കിഡ് മാർക്ക് മാത്രമാണ് തെളിഞ്ഞുനിൽക്കുന്നത്.*
*ഇടതുവശത്തെ ടയറുകൾ പെട്ടെന്ന് ലോക്കാവുകയും വലതുവശത്തെ ടയറുകൾ കറങ്ങുകയും ചെയ്തത് വാഹനം കൂടുതൽ തെന്നിമാറി മറിയാൻ കാരണമായെന്ന് വിലയിരുത്തുന്നു. ബസ് അമിതവേഗതയിലായിരുന്നുവെന്ന് പരുക്കേറ്റ് രക്ഷപ്പെട്ട യാത്രക്കാരും മൊഴി നൽകിയിട്ടുണ്ട്.*
*അപകടത്തിൽ പരുക്കേറ്റ ബസ് ഡ്രൈവർ ആലങ്കോട് സ്വദേശി ഷബീർ (40) നിലവിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾക്കെതിരെ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനമോടിച്ചതിന് കുറ്റിപ്പുറം പോലീസ് കേസെടുത്തു.*
*വാഹനത്തിലെ ജി.പി.എസ് സംവിധാനം പ്രവർത്തനരഹിതമായതിനാൽ, വെട്ടിച്ചിറ മുതൽ അപകടസ്ഥലം വരെ ബസ് സഞ്ചരിക്കാനെടുത്ത സമയം കണക്കാക്കിയാണ് അന്വേഷണ സംഘം കൃത്യമായ വേഗത നിർണ്ണയിക്കുന്നത്.*
0 Comments