നിപയെ വല്ലാതെ ഭയപ്പെടേണ്ടതില്ലെന്നും എന്നാൽ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. 2018ൽ ആദ്യമായി നിപ സ്ഥിരീകരിക്കുമ്പോൾ പ്രോട്ടോകോളോ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയറോ നമ്മുടെ മുന്നിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് നമുക്ക് മുന്നിൽ മാതൃകയുണ്ടെന്നും കെ കെ ശൈലജ പറഞ്ഞു.
'ലോകത്ത് എബോള വന്നപ്പോൾ സ്വീകരിച്ച പ്രോട്ടോകോളിന്റെ സാധ്യത പരിശോധിച്ച് അന്ന് പുതിയ പ്രോട്ടോകോൾ രൂപീകരിക്കുകയായിരുന്നു. അതിന് ശേഷം മൂന്ന് തവണ നിപ റിപ്പോർട്ട് ചെയ്തു. ആരോഗ്യസംവിധാനം സജ്ജമായതിനാൽ കൃത്യമായി ഇടപെട്ടു. ഇപ്പോഴും അങ്ങനെ ചെയ്യാൻ സാധിക്കും. കോൺടാക്ട് ലിസ്റ്റ് ശേഖരിക്കണം', എന്നും കെ കെ ശൈലജ നിർദേശിച്ചു.
ഏത് സർക്കാരാണ് ഭരിക്കുന്നത് എന്ന് നോക്കിയല്ല നിപയും കൊവിഡും വരുന്നതെന്നും കെ കെ ശൈലജ പറഞ്ഞു. മുൻ മന്ത്രി കെ മുരളീധരന്റെ 2021ലെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കെ കെ ശൈലജ. കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതെ ഇടപെടണം. ഭരിക്കുന്നത് ആരാണെന്ന് നോക്കിയല്ല പകർച്ച വ്യാധി വരുന്നത്. പക്ഷെ പകർച്ച വ്യാധിയെ നേരിടേണ്ടത് ഭരിക്കുന്നവരാണെന്നും കെ കെ ശൈലജ പറഞ്ഞു.
0 Comments