കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള നാഷണല്‍ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നീറ്റ് യുജിസി പുനഃപരീക്ഷയില്‍ നിരവധി മാറ്റങ്ങള്‍ അവതരിപ്പിച്ചിരിക്കുകയാണ്.കഴിഞ്ഞ കുറച്ചുനാളുകളായി നീറ്റ് ഉള്‍പ്പെടെയുള്ള മത്സരപരീക്ഷയില്‍ വിവിധ തരത്തിലുള്ള ക്രമക്കേടുകളാണുണ്ടായത്. ഇതിനെ തുടർന്ന് കേന്ദ്ര സർക്കാരിനെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെതിരെയും വലിയ വിമർശനങ്ങളാണുണ്ടായത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ എസ്‌എഫ്‌ഐ വലിയരീതിയില്‍ പ്രതിഷേധിച്ചിരുന്നു.
പരീക്ഷ കൂടുതല്‍ വിദ്യാർത്ഥി സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനങ്ങളെന്നാണ് എൻടിഎയുടെ വാദം. പരീക്ഷ സമയം 15 മിനിറ്റ് വർദ്ധിപ്പിച്ച് 180 മിനിറ്റില്‍ നിന്നും 195 മിനിറ്റ് ആക്കി. പുതുക്കിയ സമയക്രമം അനുസരിച്ച് ഉച്ചയ്‌ക്ക് 2:00 മണി മുതല്‍ വൈകിട്ട് 5:15 വരെയായിരിക്കും പരീക്ഷ നടക്കുക. ഹാജർ ബുക്കില്‍ ഒപ്പുവെക്കല്‍, ഇൻവിജിലേഷൻ നടപടികള്‍ തുടങ്ങിയ നിർബന്ധിത പരീക്ഷ ഫോർമാലിറ്റികള്‍ക്ക് ആവശ്യമായ സമയം കൂടി ഉള്‍പ്പെടുത്തിയാണ് പരീക്ഷാ സമയം നീട്ടിയിരിക്കുന്നത്.ചോദ്യപേപ്പർ ബുക്ക്ലെറ്റില്‍ റഫ് വർക്കിനായുള്ള പേജുകളുടെ എണ്ണം രണ്ടില്‍ നിന്ന് നാലായി ഉയർത്തി. സമവാക്യങ്ങള്‍ ചെയ്യാനും ഡയഗ്രാമുകള്‍ വരയ്‌ക്കാനും ഇതോടെ വിദ്യാർത്ഥികള്‍ക്ക് കൂടുതല്‍ സ്ഥലം ലഭിക്കുമെന്നും എൻടിഎ അറിയിച്ചു. ജൂണ്‍ 21നാണ് നീറ്റ് യുജിസി പുനഃപരീക്ഷ നടത്താനായി തീരുമാനിച്ചിരിക്കുന്നത്.
പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയാൻ +91-11-40759000 എന്ന ഹെല്‍പ്പ്ലൈൻ നമ്പറിലോ, neetug2026@nta.ac.in എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചും പുതിയ മാറ്റങ്ങള്‍ അറിയാം.
0 Comments