LATEST

6/recent/ticker-posts

Header Ads Widget

പൂവും ലഡ്ഡുവും കിട്ടി, കൂടെ ടിക്കറ്റിന് കാശും വാങ്ങി; ഓര്‍ഡിനറിയില്‍ വിദ്യാര്‍ഥിനികളില്‍ നിന്ന് ബസ് ചാര്‍ജ് ഈടാക്കിയെന്ന് പരാതി



തൃശൂർ: സ്ത്രീകള്‍ക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനുമായി കെഎസ്‌ആർടിസി ആരംഭിച്ച 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ദിനത്തില്‍ തന്നെ വിവാദം.പദ്ധതി നിലവില്‍ വന്നതിന് തൊട്ടുപിന്നാലെ ബസില്‍ കയറിയ വിദ്യാർഥിനികളില്‍ നിന്ന് ടിക്കറ്റ് നിരക്ക് ഈടാക്കിയെന്ന പരാതിയാണ് ഉയർന്നത്. തൃശൂരില്‍ നിന്ന് ചാലക്കുടിയിലേക്ക് സർവീസ് നടത്തിയ ഓർഡിനറി ബസിലാണ് സംഭവം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രാവിലെ ഒമ്പത് മണിയോടെ തൃശൂരില്‍ പദ്ധതി ഫ്ലാഗ് ഓഫ് ചെയ്തതിന് പിന്നാലെ, 9.35ഓടെ ബസില്‍ കയറിയ കൊരട്ടി സ്വദേശികളായ വിദ്യാർഥിനികളില്‍ നിന്നാണ് കണ്ടക്ടർ യാത്രാക്കൂലി വാങ്ങിയതെന്ന് ആരോപണം.സൗജന്യ യാത്രാ പദ്ധതിയെക്കുറിച്ച്‌ ചോദിച്ചപ്പോള്‍, ടിക്കറ്റിംഗ് സംവിധാനത്തില്‍ ആവശ്യമായ അപ്ഡേറ്റ് പൂർത്തിയായിട്ടില്ലെന്ന സാങ്കേതിക കാരണമാണ് ജീവനക്കാർ വിശദീകരണമായി നല്‍കിയതെന്ന് വിദ്യാർഥിനികള്‍ പറഞ്ഞു. സൗജന്യ യാത്ര ആരംഭിക്കുന്നത് കാത്ത് രാവിലെ എട്ടര മുതല്‍ ബസ് സ്റ്റാൻഡില്‍ കാത്തുനിന്നിരുന്നുവെന്നും, ബസില്‍ കയറിയപ്പോള്‍ പൂച്ചെണ്ടും ലഡുവും നല്‍കി സ്വീകരിച്ചെങ്കിലും പിന്നീട് യാത്രാക്കൂലി ഈടാക്കിയത് അംഗീകരിക്കാനാകില്ലെന്നും അവർ പ്രതികരിച്ചു.സംഭവത്തെക്കുറിച്ച്‌ പരാതി അറിയിച്ചിട്ടും ബസിലുണ്ടായിരുന്ന ജനപ്രതിനിധികളും രാഷ്ട്രീയ പ്രവർത്തകരും വിഷയത്തില്‍ ഇടപെടാതെ ഫോട്ടോ എടുക്കുന്നതിലും വീഡിയോ ചിത്രീകരിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും വിദ്യാർഥിനികള്‍ ആരോപിച്ചു. സംഭവം സാമൂഹിക മാധ്യമങ്ങളില്‍ ചർച്ചയായതോടെ പദ്ധതിയുടെ ആദ്യ ദിനത്തിലെ ക്രമീകരണങ്ങളെക്കുറിച്ചും സാങ്കേതിക സംവിധാനങ്ങളുടെ സജ്ജതയെക്കുറിച്ചും ചോദ്യങ്ങള്‍ ഉയർന്നിട്ടുണ്ട്. വിഷയത്തില്‍ കെഎസ്‌ആർടിസിയുടെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.

Post a Comment

0 Comments