ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം ജില്ലാ കമ്മറ്റിയംഗവുമായ എ.പത്മകുമാറിനെ സസ്‌പെൻഡ് ചെയ്ത് സിപിഎം. എത്ര നാളത്തേക്കാണ് സസ്‌പെൻഷൻ എന്നത് വ്യക്തമല്ല.
▂▂▂▂▂▂▂▂▂▂▂▂▂▂▂
ശബരിമല സ്വർണക്കൊള്ളയിൽ പ്രതിയായ സംഭവത്തിൽ പത്മകുമാർ കഴിഞ്ഞദിവസം വിശദീകരണം നൽകിയിരുന്നു. തെറ്റ് ചെയ്തിട്ടില്ലെന്നും പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയിട്ടില്ലെന്നുമായിരുന്നു വിശദീകരണം. തപാലിലൂടെയായിരുന്നു പത്മകുമാറിനോട് പത്തനംതിട്ട ജില്ലാ നേതൃത്വം വിശദീകരണം തേടിയത്. ദൂതൻ വഴിയാണ് പത്മകുമാര്‍ മറുപടി കൈമാറിയത്.സ്വർണ്ണക്കൊള്ള കേസിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതിൽ വിശദീകരണം നൽകാനായിരുന്നു പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശം. സ്വർണകൊള്ളയിൽ ജയിലിൽ പോയപ്പോഴും പുറത്തിറങ്ങിയപ്പോഴും സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ് പത്മകുമാർ. പത്മകുമാറിനുള്ള പാർട്ടി സംരക്ഷണം നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിപക്ഷം ആയുധമാക്കുമെന്ന് കണ്ടാണ് ഏറെ വൈകിയുള്ള സിപിഎമ്മിന്റെ നടപടി. ദിവസങ്ങള്‍ക്ക് മുന്‍പ് പത്മകുമാറിനെ ജില്ലാ കമ്മിറ്റിയുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന് നീക്കം ചെയ്തിരുന്നു.പത്മകുമാറിനെതിരെ നടപടിയെടുക്കാതെ ജില്ലയിൽ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനാവില്ലെന്ന് സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ ധരിപ്പിച്ചിരുന്നു. തുടർന്നാണ് വിശദീകരണം ചോദിക്കാനുള്ള നീക്കത്തിലേക്ക് കടന്നത്. പത്മകുമാറിനെ പുറത്താക്കുമെന്ന സൂചനകളാണ് നേരത്തെ വന്നത്.അതേസമയം, തനിക്കെതിരെ സിപിഎം നടപടിയുണ്ടായാൽ പാർട്ടിയെ വെല്ലുവിളിക്കില്ലെന്ന് പത്മകുമാർ വ്യക്തമാക്കിയിരുന്നു. ആത്മകഥ എഴുതില്ല. സ്വർണക്കൊള്ളയിൽ തനിക്ക് പങ്കില്ല. പാർട്ടി നടപടി എടുത്താൽ അപ്പോൾ നോക്കാമെന്നുമായിരുന്നു പ്രതികരണം.
0 Comments