LATEST

6/recent/ticker-posts

Header Ads Widget

മന്ത്രി കെഎം ഷാജിയെ വാട്‌സ്ആപ്പ് സന്ദേശത്തിലൂടെ അധിക്ഷേപിച്ച സംഭവം; പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി, ജോലിയിൽ നിന്നും സസ്‌പെന്റ് ചെയ്തു

കാസർകോട്: മന്ത്രി കെഎം ഷാജിക്ക് നേരെ അധിക്ഷേപ പരാമര്‍ശം നടത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സിപിഒ സുജിത്തിനെതിരിയാണ് നടപടി. ഇദ്ദേഹത്തെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെ കെഎം ഷാജിയെ അധിക്ഷേപിച്ച സംഭവത്തിലാണ് ഉദ്യോഗസ്ഥനെതിരെ നടപടി.

കെഎം ഷാജി വര്‍ഗീയവാദി ആണെന്നായിരുന്നു ഉദ്യോഗസ്ഥന്റെ പരാമര്‍ശം. കാസര്‍കോട് ജില്ലയിലെ പോലീസ് ഫ്രണ്ട്സ് (POLICE FRIENDS) എന്ന ഗ്രൂപ്പിലാണ് സന്ദേശം പങ്കുവെച്ചത്. പിണറായി വിജയന് മുന്നില്‍ നിവര്‍ന്ന് നില്‍ക്കാന്‍ ഷാജിക്ക് കഴിയില്ലെന്നും ഈ സന്ദേശത്തിലുണ്ട്. സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ സ്‌പെഷ്യല്‍ ബ്രാഞ്ച് ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പിന്നാലെയാണ് ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഡി ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തത്.

ഗ്രൂപ്പിൽ വന്ന സന്ദേശം ഇങ്ങനെ…

‘സത്യപ്രതിജ്ഞ ചടങ്ങിനെത്തി പിണറായി വിജയൻ. ഈ വിഡിയോ നിങ്ങൾ സൂക്ഷിച്ചൊന്ന് കാണണം. കഴിഞ്ഞ രണ്ട് സത്യപ്രതിജ്ഞ ചടങ്ങുകളും യുഡിഎഫ് മുട്ടുന്യായങ്ങൾ പറഞ്ഞ് ബഹിഷ്ക്കരിച്ചിരുന്നു. അത് അവരുടെ സംസ്കാരം. ഇന്ന് അതൊന്നും കാര്യമാക്കാതെ ചടങ്ങിനെത്തിയ പിണറായി വിജയനെ സ്വീകരിക്കുന്ന കോൺഗ്രസുകാരെയും കേരള കോൺഗ്രസുകാരെയും എന്തിന് പിണറായി കൊടുവിഷം എന്ന് വിശേഷിപ്പിച്ച രാജീവ് ചന്ദ്രശേഖറിനെയും പരനാറിയെന്ന് വിശേഷിപ്പിച്ച പ്രേമചന്ദ്രനേയും നിങ്ങൾക്ക് കാണാം. എന്നാൽ ആ ഭാഗത്തു നിന്നും തൂവാല കൊണ്ട് മുഖം തുടച്ച് സ്കൂട്ടാകുന്ന ഒരു വർഗീയവാദിയെയും നിങ്ങൾക്ക് കാണാം. ഉറക്കത്തിൽപോലും മതം മതം മതമാണ് പ്രശ്നം എന്ന് പുലമ്പുന്ന കെ.എം. ഷാജിയെ. മൈക്ക് കെട്ടി അണികളുടെ മുന്നിൽ തെറി വിളിച്ച് ആളാകാൻ ഏതവനും പറ്റും ഷാജിയെ. ആ മനുഷ്യന്റെ മുന്നിൽ നിവർന്ന് നിൽക്കാൻ നിന്റെ മുട്ടുവിറക്കും ഷാജിയെ. നീ നിന്ന് വിറയ്ക്കാൻ പോകുന്നതേയുള്ളൂ’.– എന്നായിരുന്നു പോലീസ് ഫ്രണ്ട്സ് ഗ്രൂപ്പിൽ അയച്ച സിപിഒ സുജിത്തിന്റെ സന്ദേശം.

Post a Comment

0 Comments