LATEST

6/recent/ticker-posts

Header Ads Widget

സംസ്ഥാന ബിജെപിയില്‍ തര്‍ക്കം; നിയമസഭാ കക്ഷി നേതാവാകണമെന്ന് വി മുരളീധരന്‍, സ്ഥാനം വിട്ടുകൊടുക്കില്ലെന്ന നിലപാടിൽ രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: സംസ്ഥാന ബിജെപിയിൽ നിയമസഭാ കക്ഷി നേതാവ് ആരാകുമെന്നതിനെ ചൊല്ലി തർക്കം. കഴക്കൂട്ടം മണ്ഡലത്തിൽ നിന്നും വിജയിച്ച വി മുരളീധരന്‍ നിയമസഭാ കക്ഷി നേതാവാകണമെന്ന് ആവശ്യപ്പെട്ടതാണ് തർക്കത്തിന് ഇടയാക്കിയത്. എന്നാൽ സ്ഥാനം വിട്ടുകൊടുക്കില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നിലപാട്. ഇതോടെയാണ് തർക്കം ഉടലെടുത്തത്.
ബിജെപിയിലെ ഒരു വിഭാഗം നേതാക്കളും വി മുരളീധരനൊപ്പമാണ്. പരിചയ സമ്പത്ത് ഉയര്‍ത്തിക്കാട്ടി അദ്ദേഹത്തെ നിയമസഭാ കക്ഷി നേതാവ് ആക്കണമെന്നാണ് വാദം. നേരത്തെ വി മുരളീധരന്‍ നിയമസഭാ കക്ഷി നേതാവ് ആകും എന്നായിരുന്നു പുറത്തുവന്ന വിവരം. അങ്ങനെ വന്നാൽ പാര്‍ട്ടിയില്‍ രണ്ട് അധികാര കേന്ദ്രം രൂപപ്പെടുമെന്ന വാദമാണ് ഓദ്യോഗിക പക്ഷം ഉയര്‍ത്തുന്നത്. ഒടുവിൽ തീരുമാനം കേന്ദ്രത്തിന് വിട്ടിരിക്കുകയാണ്.

കേരള നിയമസഭയില്‍ ബിജെപിക്ക് മൂന്ന് എംഎല്‍എമാരാണ് ഉള്ളത്. ചരിത്രത്തിൽ ആദ്യമായാണ് ബിജെപിക്ക് കേരളത്തിൽ മൂന്ന് എംഎൽഎമാരുണ്ടാകുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബിജെപി കോര്‍ കമ്മിറ്റിയില്‍ ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനുമെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് ആകുമ്പോൾ മാത്രം മണ്ഡലത്തിൽ സജീവമായത് പോരാ എന്നായിരുന്നു ഇരുവരോടും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ നിര്‍ദേശിച്ചത്. മണ്ഡലങ്ങള്‍ മാറി മാറി മത്സരിക്കുന്നത് തിരിച്ചടിയായെന്നും മണ്ഡലം ശ്രദ്ധിച്ചവര്‍ വിജയിച്ചെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു. അതേസമയം, ഒദ്യോഗിക പക്ഷത്തിനെതിരെ കെ സുരേന്ദ്രനും വി മുരളീധരനും രംഗത്തെത്തി. സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പടെ ഏകപക്ഷീയമായി നടത്തിയെന്നായിരുന്നു ഇവരുടെ വിമർശനം.

Post a Comment

0 Comments