സമര പ്രഖ്യാപനം കാവന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബൈദ ഉദ്ഘാടനം ചെയ്തു
കോങ്ങമലയിലെ ക്വാറിക്കെതിരെ സംഘടിപ്പിച്ച സർവ്വ കക്ഷിയോഗത്തിൽ പി.വി ഉസ്‌മാൻ സംസാരിക്കുന്നുകാവനൂർ: കോങ്ങമലയിലെ ക്വാറി പ്രവർത്തനങ്ങൾക്കെതിരെ പ്രക്ഷോഭം ശക്തമാക്കി നാട്ടുകാർ. ക്വാറിയിലെ സ്ഫോടനങ്ങൾ മൂലം പ്രദേശത്തെ വീടുകൾ തകരുന്ന പശ്ചാത്തലത്തിൽ കോങ്ങമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേർന്നു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പഞ്ചായത്ത് ഭാരവാഹികളും പങ്കെടുത്ത യോഗത്തിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു.
ക്വാറിയിൽ നിന്നുള്ള അതിശക്തമായ സ്ഫോടനങ്ങൾ കാരണം പരിസരത്തുള്ള 20-ലധികം വീടുകൾക്ക് ഇതിനോടകം വിള്ളലുകൾ വീഴുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യം ക്വാറി ഉടമയുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും സ്ഫോടനങ്ങളുടെ തീവ്രത വർദ്ധിപ്പിക്കുകയാണ് ചെയ്തതെന്ന് സംരക്ഷണ സമിതി നേതാക്കൾ ആരോപിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ ക്വാറി പ്രവർത്തനം തടയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കാവനൂർ പഞ്ചായത്ത് പ്രസിഡന്റ് സുബൈദ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.വി. ഉസ്മാൻ സാഹിബ്, തൃക്കലങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. മുഹമ്മദ് എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർമാരായ നാസർ, സൈജൽ, വി.പി. ഷഫീഖ് എന്നിവരും രാഷ്ട്രീയ പാർട്ടി നേതാക്കളായ കമറുദ്ദീൻ വാക്കാലൂർ, പി.പി. ഹംസ മാസ്റ്റർ (മുസ്ലിം ലീഗ്), ബാലൻ, ഉണ്ണി നെച്ചിക്കാട് (സി.പി.എം), മുനീസ് (കോൺഗ്രസ്), ശശി നെല്ലിക്കാട് (സി.പി.ഐ) തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.
വരും ദിവസങ്ങളിൽ പ്രക്ഷോഭത്തിന്റെ ഭാഗമായി വിവിധ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് സമിതിയുടെ തീരുമാനം.
0 Comments