ചൂടുപിടിച്ച ഒരു ചർച്ചക്കിടയിൽ, പ്രശസ്ത ഗ്രീക്ക് തത്ത്വചിന്തകനായ സോക്രട്ടീസിനെ ഒരാൾ ആക്രമിക്കുകയും അടിക്കുകയും ചെയ്തു. എന്നാൽ സോക്രട്ടീസ് ആവട്ടെ യാതൊരു വിധമായ പ്രതികരണവും കാട്ടിയില്ല. ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിലുള്ള സോക്രട്ടീസിന്റെ നിസ്സംഗത കണ്ട് അദ്ദേഹത്തിന്റെ ശിഷ്യരിൽ ഒരാൾ അദ്ദേഹം അയാളോട് പ്രതികരിക്കാത്തത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചു. അദ്ദേഹം ഉത്തരം ഒന്നും പറഞ്ഞില്ല. ശിഷ്യൻ വീണ്ടും ചോദ്യം ആവർത്തിച്ചപ്പോൾ, മഹാനായ ആ തത്ത്വചിന്തകൻ മറുപടി പറഞ്ഞു:
"ഒരു കഴുത എന്നെ ചവിട്ടിയാൽ, ഞാൻ അതിന്റെ പേരിൽ ന്യായാധിപനോട് പരാതി പറയും എന്ന് നീ കരുതുന്നുണ്ടോ? ഇതും അതുപോലെ കരുതിയാൽ പോരേ?"
ആശയപരമായ സംവാദങ്ങൾ നടക്കുമ്പോൾ, തങ്ങളുടെ ഭാഗം തെളിയിക്കാൻ കഴിയാതെ വരുന്ന ചിലർ, അക്രമാസക്തരായേക്കാം. പക്ഷേ ജ്ഞാനികൾ ഒരിക്കലും അങ്ങനെയാവില്ല. അവർ പറയുന്ന സത്യങ്ങൾ, ഒരുപക്ഷേ മറ്റുള്ളവർ മനസ്സിലാക്കിയില്ലെങ്കിൽ പോലും ആ സത്യങ്ങൾ ഒരിക്കലും സത്യങ്ങൾ അല്ലാതാവില്ല. അക്രമവും പരാതിയും അജ്ഞാനികളിൽ
നിന്നു മാത്രമേ ഉണ്ടാവൂ. ജ്ഞാനികൾ അങ്ങനെയുള്ള സ്ഥാനങ്ങളിൽ നിശ്ശബ്ദരായിരിക്കും. മറ്റുള്ളവരോട് മാന്യമായി പെരുമാറുവാൻ അറിയുന്നത് ഒരു വ്യക്തിയുടെ മഹത്വത്തിന്റെ വെളിപ്പെടുത്തലാണ്. എപ്പോൾ സംസാരിക്കണം, എപ്പോൾ നിശബ്ദരായിരിക്കണം എന്നത് തിരിച്ചറിയുവാൻ കഴിയുന്നത് ആ മാന്യതയുടെ ലക്ഷണമാണ്. നിശ്ശബ്ദരായിരുന്നാൽ പരാജിതരായി പോകും എന്നാണ് പലരും ചിന്തിക്കുന്നത്. പക്ഷേ, നിശ്ശബ്ദരാവേണ്ട സ്ഥാനത്ത് സംസാരിക്കുന്നതാണ് പരാജയം. അതു മാന്യതയെ ഇല്ലാതാക്കുകയും ചെയ്യും. അത് തിരിച്ചറിയുവാൻ കഴിയുന്നതാണ് യഥാർത്ഥ ജ്ഞാനം. - ശുഭദിനം.
0 Comments