പശ്ചിമേഷ്യയിലെ സംഘര്‍ഷം ശക്തമായ സാഹചര്യത്തില്‍ രാജ്യത്ത് പാചകവാതക വിതരണം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കി. എല്‍പിജി ക്ഷാമം ഉണ്ടാകുമെന്ന ആശങ്കയെ തുടര്‍ന്ന് ഉപഭോക്താക്കള്‍ കൂട്ടത്തോടെ സിലിണ്ടര്‍ ബുക്ക് ചെയ്യുന്നത് ഒഴിവാക്കാന്‍ എണ്ണ വിതരണ കമ്പനികള്‍ 21 ദിവസത്തെ ‘ലോക്ക്-ഇൻ പിരീഡ്’ ഏര്‍പ്പെടുത്തി. പുതിയ നിയന്ത്രണം വെള്ളിയാഴ്ച മുതല്‍ രാജ്യത്തുടനീളം പ്രാബല്യത്തില്‍ വന്നു.
പുതിയ സംവിധാനപ്രകാരം ഒരു സിലിണ്ടര്‍ ബുക്ക് ചെയ്താല്‍ അടുത്ത ബുക്കിംഗിന് 21 ദിവസം കാത്തിരിക്കണം. ഈ നിയന്ത്രണം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകള്‍ക്കും (14.2 കിലോ) വാണിജ്യ സിലിണ്ടറുകള്‍ക്കും ഒരുപോലെ ബാധകമാണ്.
ഇതിനിടെ പാചകവാതക വിലയിലും വര്‍ധനവ് രേഖപ്പെടുത്തി. ഗാര്‍ഹിക സിലിണ്ടറിന് 60 രൂപയും വാണിജ്യ സിലിണ്ടറിന് 115 രൂപയും വര്‍ധിപ്പിച്ചതോടെ സാധാരണ കുടുംബങ്ങള്‍ക്കും ഹോട്ടല്‍ മേഖലയ്ക്കും വലിയ സാമ്പത്തിക ബാധ്യതയുണ്ടായി.
ഇന്ധനവില ഉയരുന്ന സാഹചര്യത്തില്‍ എല്‍പിജി ലഭ്യത ഉറപ്പാക്കാന്‍ 1955ലെ അവശ്യസാധന നിയമം (Essential Commodities Act) പ്രകാരം കേന്ദ്ര സര്‍ക്കാര്‍ എണ്ണ കമ്പനികള്‍ക്ക് പ്രത്യേക നിര്‍ദ്ദേശങ്ങളും നല്‍കി. ഇതനുസരിച്ച് എണ്ണ ശുദ്ധീകരണ കമ്പനികള്‍ അവരുടെ കൈവശമുള്ള പ്രൊപ്പെയ്ൻ, ബ്യൂട്ടെയ്ൻ എന്നിവ പരമാവധി എല്‍പിജി ഉല്‍പാദനത്തിനായി മാറ്റിവെക്കണം.
കൂടാതെ സ്വകാര്യ കമ്പനികളുടെ പക്കലുള്ള അധിക എല്‍പിജി പൊതുമേഖലാ എണ്ണ കമ്പനികള്‍ക്ക് മാത്രം കൈമാറണം എന്നതും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വ്യാവസായിക ആവശ്യങ്ങള്‍ക്കായി എല്‍പിജി ഉപയോഗിക്കുന്നത് ഇതിലൂടെ നിയന്ത്രിക്കുന്നതും ലക്ഷ്യമിടുന്നു.
0 Comments