വിശന്നുവലഞ്ഞ മൂന്ന് പാറ്റകള്‍ ആ കൃഷിക്കാരനെ തേടിയെത്തി. കൃഷിക്കാരന്‍ അവര്‍ക്ക് ഭക്ഷണം നല്‍കിയതിന് ശേഷം അവര്‍ക്ക് ജോലി നല്‍കാമെന്ന് പറഞ്ഞു. ഓരോ ജോലിക്കും ഓരോ കൂലിയാണ്. ഫാമിലെ കോഴികള്‍ക്ക് ഭക്ഷണം തയ്യാറായെന്ന് അറിയിക്കുന്നയാള്‍ക്ക് മാസം അയ്യായിരം രൂപ, വെളുത്തുളളി അരിയുന്നയാള്‍ക്ക് പതിനായിരം, ആടുകളെ കൃത്യമായി വഴിനടത്തുന്നവന് അഞ്ഞൂറ് രൂപ. ആദ്യത്തെയും രണ്ടാമത്തേയും ആള്‍ അയ്യായിരം രൂപയുടേയും പതിനായിരം രൂപയുടേയും ജോലി തിരഞ്ഞെടുത്തു. മൂന്നാമന്‍ അഞ്ഞൂറ് രൂപയുടേയും. ആദ്യത്തെ ദിവസം തന്നെ രണ്ടുപേരും മരിച്ചു. മൂന്നാമന്‍ മാത്രം ബാക്കിയായി. ആ കര്‍ഷകന്‍ മൂന്നാമനോട് ചോദിച്ചു: എന്താണ് നീ ചെറിയ കൂലിയുളള ജോലി തിരഞ്ഞെടുത്തത്. മുന്നാമന്‍ പറഞ്ഞു: കോഴികളുടെ പ്രിയപ്പെട്ട ഭക്ഷണമാണ് പാറ്റ, വെളുത്തുളളിയുടെ മണം പാറ്റയുടെ ജീവനെടുക്കും. കൂലി കുറവായാലും ജീവിതമാണ് പ്രധാനം!! ജീവിതം പണയംവെച്ച് ജീവിക്കാനുളളത് സമ്പാദിക്കേണ്ടതുണ്ടോ? വിശപ്പ് പ്രധാനമാണ്, പക്ഷേ, വിഷമല്ല അതിന് പ്രതിവിധി. യുക്തിക്ക് നിരക്കാത്ത സൗഭാഗ്യത്തിന്റെ പിന്നാമ്പുറത്ത് ആര്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കാനാകാത്ത ചതിക്കുഴികളുണ്ടാകും. അവയില്‍ പലതിനും ജീവനെടുക്കാനുളള ശേഷിയുമുണ്ടാകും. ഒരാള്‍ തന്റെ തിരഞ്ഞെടുപ്പുകളില്‍ പുലര്‍ത്തുന്ന പക്വതയും സംയമനവുമാണ് അയാളുടെ തുടര്‍ന്നുളള ജീവിതത്തിന്റെ മാനവും മനോഹാരിതയും തീരുമാനിക്കുന്നത്. ശുഭദിനം
0 Comments