*ഓണക്കാലത്ത് വിതരണം ചെയ്ത ശേഷം ഗോഡൗണുകളിലും റേഷൻ കടകളിലും ബാക്കിവന്ന സ്പെഷൽ അരി ഓണത്തിനു ശേഷം നൽകുമെന്ന ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ പ്രഖ്യാപനം എങ്ങുമെത്തിയില്ല. ബാക്കിവന്ന സ്റ്റോക്ക് ഈ മാസം കാർഡുടമകൾക്ക് വിതരണം ചെയ്യുമെന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നത്.*
*എന്നാൽ റേഷൻ കടകളിലെത്തുന്ന ഉപഭോക്താക്കൾക്ക് അരി ലഭ്യമല്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. ഗോഡൗണുകളിൽ നിന്ന് റേഷൻ കടകളിലേക്ക് അരി എത്തിച്ചിട്ടില്ലെന്നാണ് വ്യാപാരികൾ വ്യക്തമാക്കുന്നത്. ഇതോടെ വകുപ്പിന്റെ പ്രഖ്യാപനം വെറും കടലാസിലൊതുങ്ങിയ അവസ്ഥയിലാണ്.*
*കിലോയ്ക്ക് 26 രൂപ നിരക്കിൽ സാധാരണ റേഷന് പുറമേയാണ് സ്പെഷൽ അരി അനുവദിച്ചിരുന്നത്. പിങ്ക് കാർഡുടമകൾക്ക് പരമാവധി മൂന്നു കിലോയും, നീല, വെള്ള, ബ്രൗൺ കാർഡുടമകൾക്ക് പരമാവധി 10 കിലോ വീതവുമായിരുന്നു നൽകേണ്ടിയിരുന്നത്.*
*ഓണക്കാലത്ത് ആകെയുള്ള സ്പെഷൽ അരിയുടെ 60 ശതമാനം മാത്രമാണ് വിതരണം ചെയ്യാൻ സാധിച്ചിരുന്നത്. ബാക്കി വന്ന 40 ശതമാനം അരി ഈ മാസം വിതരണം ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവിൽ സാധാരണ റേഷൻ മാത്രമാണ് കടകളിൽ ലഭ്യമായിട്ടുള്ളത്. അരി വിതരണം പുനരാരംഭിക്കാത്തതിൽ കാർഡുടമകൾക്കിടയിൽ അമർഷം ശക്തമാകുകയാണ്.*
0 Comments