*സിവിയർ അപ്ലാസ്റ്റിക് അനീമിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന പൂർവ്വ വിദ്യാർത്ഥിനി റാഫിയ ഷെറിന് അനുയോജ്യമായ മൂലകോശ ദാതാവിനെ കണ്ടെത്താനുള്ള ശ്രമം നാടിന്റെ കൂട്ടായ ദൗത്യമായി മാറി. അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളജിൽ ഡി.കെ.എം.എസ് ഫൗണ്ടേഷൻ ഇന്ത്യയുമായി സഹകരിച്ച് സംഘടിപ്പിച്ച രണ്ടുദിവസത്തെ സ്റ്റെം സെൽ ഡോണർ രജിസ്ട്രേഷൻ ക്യാമ്പിൽ 10,258 പേരാണ് പങ്കുചേർന്നത്.*
*ആദ്യദിനത്തിൽ 6,125 പേരും രണ്ടാം ദിനത്തിൽ 4,133 പേരും രജിസ്ട്രേഷനായി ഒഴുകിയെത്തി. ഒന്നാം ദിനത്തിൽ തിരക്ക് നിയന്ത്രിക്കാൻ കഴിയാത്ത വിധം ആളുകളെത്തിയതോടെയാണ് ക്യാമ്പ് രണ്ടു ദിവസമാക്കി നീട്ടിയത്. 2017-ൽ കോളജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദം നേടിയ റാഫിയ, പഠനകാലത്തും നാട്ടിലും സാമൂഹിക സേവനത്തിലും പാലിയേറ്റീവ് പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ആ സ്നേഹവും കരുതലുമാണ് രാഷ്ട്രീയ, സാമൂഹിക വ്യത്യാസങ്ങളില്ലാതെ ജനങ്ങളെ ഈ കൂട്ടായ്മയിലേക്ക് എത്തിച്ചത്.*
*മൂന്നൂറിലധികം സന്നദ്ധപ്രവർത്തകർ ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിനായി പ്രവർത്തിച്ചു. മഞ്ചേരിക്കടുത്ത് ആമയൂർ സ്വദേശിനിയായ റാഫിയയും ഭർത്താവ് ഫവാസ് അഹമ്മദും നിലവിൽ ലണ്ടനിലെ മാഞ്ചസ്റ്ററിലാണുള്ളത്. സ്വന്തം പ്രതിരോധവ്യവസ്ഥ തന്നെ അസ്ഥിമജ്ജയിലെ മൂലകോശങ്ങളെ തകരാറിലാക്കുന്ന അപൂർവ്വ രോഗാവസ്ഥയിലാണ് റാഫിയ.*
*അനുയോജ്യനായ ദാതാവിനെ കണ്ടെത്തി എത്രയും വേഗം മൂലകോശം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്താനാണ് മാതാപിതാക്കളുടെയും സംഘാടകരുടെയും ശ്രമം.*
0 Comments