*ചാലിയാറിന് കുറുകേ പുള്ളിപ്പാടത്ത് നിർമാണത്തിലിരുന്ന തൂക്കുപാലത്തിന്റെ പ്രവൃത്തികൾ ഒരു വർഷത്തിലേറെയായി പൂർണമായും നിലച്ചതോടെ, പകരം വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ സൗകര്യമുള്ള സ്ഥിരം പാലം പണിയണമെന്ന ആവശ്യം ശക്തമാകുന്നു.*
*മമ്പാട് അങ്ങാടിക്കു തൊട്ടടുത്തുള്ള തോണിക്കടവിനെയും പുള്ളിപ്പാടം മേഖലയെയും ബന്ധിപ്പിച്ചിരുന്ന മുൻപത്തെ തൂക്കുപാലം പ്രളയത്തിൽ തകർന്നതിനെ തുടർന്നാണ് പുതിയതിന് തുക അനുവദിച്ചത്.വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ യാത്രാദുരിതം പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് പുനർനിർമാണ പദ്ധതിയിൽ (സി.എം.എൽ.ആർ.ആർ.പി.) ഉൾപ്പെടുത്തി 3.42 കോടി രൂപ പദ്ധതിക്കായി വകയിരുത്തിയിരുന്നു.*
*തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി നിർമാണോദ്ഘാടനം നിർവഹിച്ച പദ്ധതിയിൽ ഇരുകരകളിലും കോൺക്രീറ്റ് തൂണുകൾ നിർമിച്ചതല്ലാതെ മറ്റ് നിർമാണപ്രവർത്തനങ്ങളൊന്നും പിന്നീട് നടന്നില്ല.പ്രദേശത്തിന്റെ സമഗ്ര വികസനത്തിന് തൂക്കുപാലത്തിന് പകരം ഗതാഗതയോഗ്യമായ കോൺക്രീറ്റ് പാലമാണ് ആവശ്യമെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.*
*യാത്രാവാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന വലിയ പാലം യാഥാർഥ്യമായാൽ മമ്പാടങ്ങാടിയുടെയും പുള്ളിപ്പാടം മേഖലയുടെയും മുഖച്ഛായ മാറുകയും കാർഷിക മേഖലയ്ക്ക് വലിയ ഉണർവ് ലഭിക്കുകയും ചെയ്യും.*
0 Comments