*അരീക്കോട് കീഴൂപ്പറമ്പിൽ യുവതിക്ക് നേരെ ഭർത്താവിന്റെ ക്രൂരമായ ശാരീരിക ആക്രമണം. അസുഖ വിവരങ്ങൾ അറിയിച്ചതിനും ചികിൽസാച്ചെലവിനായി സ്വന്തം സ്വർണ്ണാഭരണങ്ങളും പണവും തിരികെ ചോദിച്ചതിനുമാണ് മണിക്കൂറുകളോളം ക്രൂരമായി മർദ്ദിച്ചതെന്ന പരാതിയുമായി യുവതി രംഗത്തെത്തി.*
*സംഭവത്തിൽ അരീക്കോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്.*
*വിവാഹശേഷം ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് യുവതിയുടെ ഗർഭാശയത്തിൽ മുഴകളുണ്ടെന്നും സർജറിക്ക് ഒന്നര ലക്ഷത്തോളം രൂപ ചെലവ് വരുമെന്നും അറിയുന്നത്. എന്നാൽ ആശുപത്രിയിൽ വെച്ച് തന്നെ ഇതിൽ പ്രകോപിതനായ ഭർത്താവ് ചികിത്സയ്ക്ക് പണം നൽകില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. തുടർന്ന്, സ്വന്തം സ്വർണ്ണാഭരണങ്ങൾ തിരികെ നൽകിയാൽ അത് വിറ്റ് ചികിത്സ നടത്താമെന്ന് യുവതി പറഞ്ഞതാണ് ക്രൂരമായ മർദ്ദനത്തിലേക്ക് നയിച്ചതെന്ന് പരാതിയിൽ.*
*ഭർത്താവിന്റെ ആദ്യ വിവാഹബന്ധം വേർപെടുത്തുന്നതിനായുള്ള സെറ്റിൽമെന്റിനായി യുവതിയുടെ പക്കൽ നിന്നും പത്തു ലക്ഷം രൂപ വാങ്ങിയിരുന്നു. ഈ തുകയും സ്വർണ്ണവും തിരികെ ആവശ്യപ്പെട്ടതോടെ യുവതിയെ റൂമിലിട്ട് ഒന്നേമുക്കാൽ മണിക്കൂറോളം ഭർത്താവ് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനം നടക്കുമ്പോൾ ഭർത്താവിന്റെ മാതാപിതാക്കൾ തടയാൻ ശ്രമിക്കാതെ നോക്കിനിൽക്കുകയായിരുന്നെന്നും യുവതി ആരോപിക്കുന്നു.*
*ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. മർദ്ദനത്തിൽ മുഖത്തും കൈകാലുകളിലും ഗുരുതരമായി പരിക്കേറ്റ യുവതി നിലവിൽ മകനൊപ്പം ഫ്ലാറ്റിൽ കഴിയുകയാണ്.
0 Comments