കണ്ണൂർ: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാടിൽ അന്വേഷണം നടത്തുന്ന ഇഡി മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണയ്ക്ക് സമൻസ് അയക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരിച്ച് സിപിഎം നേതാവ് കെ കെ ശൈലജ. ഇഡി സമൻസ് അയയ്ക്കട്ടെ അയയ്ക്കുമ്പോൾ വീണ രേഖകൾ ഹാജരാക്കുമെന്നായിരുന്നു ശൈലജയുടെ പ്രതികരണം. കാര്യമില്ലാത്ത കാര്യമാണെന്ന് മനസ്സിലാക്കുമ്പോൾ അന്വേഷണം തീറ്റാണെന്ന് ഉദ്യോഗസ്ഥർ പറയണമെന്നും ശൈലജ ആവശ്യപ്പെട്ടു.
‘മകൾ ഒരു കമ്പനിയുണ്ടാക്കി. ആ കമ്പനി മറ്റുചില കമ്പനികളുമായി കരാറിലേർപ്പെട്ടു. അതിനുവേണ്ടിയാണല്ലോ കമ്പനികൾ ഉണ്ടാക്കുന്നത്. ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നുണ്ട്. അതിൽ എന്തെങ്കിലുമുണ്ടെങ്കിൽ മകളുമായി ബന്ധപ്പെടുന്ന കാര്യമാണ്. അതിൽ മകൾതന്നെ മറുപടി പറയും. അതിനവർ കൃത്യമായി മറുപടി പറഞ്ഞുകഴിഞ്ഞുവെന്നാണ് തോന്നുന്നത്. അതിൽ പ്രതിപക്ഷ നേതാവുമായി ബന്ധപ്പെടുത്തേണ്ട കാര്യമില്ല’- എന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് ശൈലജ പ്രതികരിച്ചത്.
അതേസമയം, മാസപ്പടി കേസിൽ ടി വീണയ്ക്ക് ഇഡി സമൻസ് അയയ്ക്കും. ഈ മാസം 12ന് ഹാജരാകാനാണ് നോട്ടീസിൽ പറയുന്നത്. വീണയെ കൂടാതെ സിഎംആർഎൽ ഉദ്യോഗസ്ഥർക്കും ഇഡി നോട്ടീസ് അയച്ചു. സിഎംആർഎൽ എം ഡി ശശിധരൻ കർത്ത, ജോയിൻ്റ് മാനേജിംഗ് ഡയറക്ടർ ശരൺ എസ് കർത്ത, ചീഫ് ജനറൽ മാനേജർ കെ എസ് സുശേഷ് കുമാർ, സിഎംആർഎൽ ജീവനക്കാർ എന്നിവർക്കാണ് സമൻസ് അയച്ചിരിക്കുന്നത്.
0 Comments