LATEST

6/recent/ticker-posts

Header Ads Widget

പകര്‍ച്ചവ്യാധിയില്‍ നെട്ടോട്ടം ഓടി ജനം; ഇന്നലെ 15 ഷിഗെല്ല കേസുകള്‍; 159 പേര്‍ക്ക് ഡെങ്കിപ്പനി, ഒരുമരണം; എലിപ്പനി 22 പേര്‍ക്ക്


 

*തിരുവനന്തപുരം:* സംസ്ഥാനത്ത് ഇന്നലെ 15 ഷിഗെല്ല കേസുകള്‍ സ്ഥിരീകരിച്ചു. അഞ്ച് ജില്ലകളിലാണ് ഇന്നലെ ഷിഗല്ല സ്ഥിരീകരിച്ചത്. കോഴിക്കോട്-8, മലപ്പുറം 3, വയനാട് 2, കണ്ണൂര്‍, കൊല്ലം ജില്ലകളില്‍ 1 വീതം എന്നിവടങ്ങളിലാണ് ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ജൂണ്‍ മാസം 165 പേര്‍ക്ക് രോഗബാധയും 6 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 241 പേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു.

കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂണ്‍ മാസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കോഴിക്കോട് (57), വയനാട് (22), തൃശൂര്‍ (12) ആലപ്പുഴ (3) എന്നീ നാല് ജില്ലകളിലാണ് ഔട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (24), തിരുവനന്തപുരം (17), കണ്ണൂര്‍ (11), കൊല്ലം (10), ഇടുക്കി (3), എറണാകുളം (3), പാലക്കാട് (3)എന്നിവിടിങ്ങളിലും ജൂണ്‍ മാസം ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തു.

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ഒരാള്‍ ഡെങ്കിപ്പനി മൂലം മരിച്ചു. ഇന്നലെ 159 പേര്‍ക്ക്് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 22 പേര്‍ക്ക്് എലിപ്പനി സ്ഥിരികീരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ രൂപീകരിച്ച ഉന്നതാധികാര കമ്മിറ്റി പ്രാഥമിക റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന് കൈമാറി.റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച് അടിയന്തരപ്രാധാന്യത്തോടെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.കൂടുതല്‍ ചര്‍ച്ച നടത്തി വിവിധ ജില്ലകളിലെ ഹോട്ട്സ്പോട്ടുകള്‍ സന്ദര്‍ശിച്ച് കമ്മിറ്റി വിശദമായ റിപ്പോര്‍ട്ട് പിന്നീട് നല്‍കും. നിപ എന്തുകൊണ്ട് പ്രത്യേക സ്ഥലങ്ങളില്‍ മാത്രം കാണുന്നു, അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ ഉറവിടം തുടങ്ങിയ കാര്യങ്ങളില്‍ സമിതി വിശദമായ പഠനം നടത്തും. പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ വേഗത്തില്‍ ആശ്വാസം കിട്ടുന്നതിനുള്ള ശുപാര്‍ശകള്‍ ഉടന്‍ നടപ്പിലാക്കും.

മുന്‍ വര്‍ഷം ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഡെങ്കിപ്പനി കേസുകളെക്കാള്‍ കുറവാണ് ഈ വര്‍ഷം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് കമ്മിറ്റി വിലയിരുത്തി. അതേസമയം ഷിഗല്ല പോലുള്ള ജലജന്യ രോഗങ്ങള്‍ ഈ വര്‍ഷം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. എല്‍-നിനോ പ്രതിഭാസത്തിന്റെയും ആഗോള തലത്തില്‍ സംഭവിക്കുന്ന കാലാവസ്ഥാ മാറ്റങ്ങളുടേയും തുടര്‍ച്ചയായി ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ പോലുള്ള കൊതുക് ജന്യ രോഗങ്ങള്‍ വരും മാസങ്ങളില്‍ കൂടുതല്‍ വ്യാപകമാകാനുള്ള സാധ്യതയുണ്ട്. അതിനാല്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ തുടരണം. പകര്‍ച്ചവ്യാധി പ്രതിരോധയജ്ഞത്തിന് 'ഗോള്‍' എന്ന പേര് നല്‍കി പരിപാടികള്‍ നടപ്പാക്കണമെന്നും കമ്മിറ്റി ശുപാര്‍ശയിലുണ്ട്

Post a Comment

0 Comments