കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായില്ല. മുഖ്യമന്ത്രി പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രഖ്യാപനം ഹൈക്കമാൻഡ് നീട്ടിവെച്ചു. ഇതോടെ പ്രഖ്യാപനം കാത്തിരുന്ന മുന്നണി കേന്ദ്രങ്ങളിൽ വലിയ നിരാശ പടർന്നിരിക്കുകയാണ്.
വിഷയത്തിൽ സമവായമുണ്ടാക്കുന്നതിന്റെ ഭാഗമായി മുതിർന്ന നേതാക്കളായ കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർ സംയുക്തമായി മാധ്യമങ്ങളെ കണ്ടു. പാർട്ടിയിൽ ഐക്യം നിലനിർത്തുന്നതിന്റെ ഭാഗമായി പ്രവർത്തകർ ഒരുകാരണവശാലും ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്താൻ പാടില്ലെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
ഹൈക്കമാൻഡ് പ്രതിനിധികൾ എം.എൽ.എമാരുമായും ഘടകകക്ഷി നേതാക്കളുമായും വീണ്ടും ചർച്ച നടത്തിയ ശേഷമാകും അന്തിമ പ്രഖ്യാപനം ഉണ്ടാവുക എന്നാണ് സൂചന. മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തർക്കങ്ങൾ തെരുവിലേക്ക് എത്താതിരിക്കാൻ അതീവ ജാഗ്രത പാലിക്കണമെന്ന് അണികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സമാധാനപരമായ അന്തരീക്ഷത്തിൽ തീരുമാനം വരുന്നത് വരെ കാത്തിരിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.
0 Comments