LATEST

6/recent/ticker-posts

Header Ads Widget

ഒടുവിൽ മഞ്ഞുരുകി; കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട് കെസി വേണു​ഗോപാലും വിഡി സതീശനും, ആർക്കെങ്കിലും വേണ്ടി വാശിപിടിക്കുന്നവരല്ല കോൺ​ഗ്രസ് നേതാക്കളെന്ന് നിയുക്ത മുഖ്യമന്ത്രി


തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും കെസി വേണു​ഗോപാലിനും ഇടയിലെ മഞ്ഞുരുകി. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ആദ്യമായി കെസിയെ കാണാനെത്തിയ വിഡി സതീശൻ അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുകയും ഐക്യ സന്ദേശം നൽകുന്ന പ്രതികരണം നടത്തുകയും ചെയ്തു. ഇരുവരും ചേർന്നാണ് മാധ്യമങ്ങളെ കണ്ടത്. വിഡി സതീശൻ മന്ത്രിസഭയ്ക്ക് പൂർണ പിന്തുണ നൽകുമെനന്നായിരുന്നു കെസി വേണുഗോപാൽ പ്രതികരിച്ചത്. തങ്ങൾ കോൺ​ഗ്രസ് നേതാക്കൾ ആർക്കെങ്കിലും വേണ്ടി വാശിപിടിക്കുന്നവരല്ല എന്നായിരുന്നു വിഡി സതീശന്റെ പ്രതികരണം.


തങ്ങൾ എന്നും കാണുന്നവരാണെന്നും വിഡി സതീശൻ മന്ത്രിസഭയ്ക്ക് പൂർണ പിന്തുണ നൽകുമെന്നും കെസി വേണു​ഗോപാൽ പറഞ്ഞു. പാർട്ടി തീരുമാനത്തിൽ അടിയുറച്ച് നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആർക്കെങ്കിലും വേണ്ടി വാശിപിടിക്കുന്നവരല്ല കോൺ​ഗ്രസ് നേതാക്കളെന്നും എല്ലാ കാര്യങ്ങലും കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് വിഡി സതീശനും പറഞ്ഞു. മന്ത്രിസഭയുടെ പട്ടിക നാളെ ഉച്ചയോടെ ​ഗവർണർക്ക് കൈമാറുമെന്നും മാധ്യമങ്ങളെ കണ്ട നിയുക്ത മുഖ്യമന്ത്രി പറഞ്ഞു.

അരമണിക്കൂറിലധികമാണ് കെസി-വിഡി കൂടിക്കാഴ്ച നീണ്ടത്. മന്ത്രിസഭ രൂപീകരണത്തിന്‍റെ ചൂടേറിയ ചർച്ചകൾ തുടരുന്നതിനിടെ കെസി വേണുഗോപാലിനെ കാണാനെത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. കെസിയുടെ വീട്ടിലെത്തിയാണ് മുഖ്യമന്ത്രി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ആദ്യമായാണ് വിഡി-കെസി കൂടിക്കാഴ്ച നടക്കുന്നത്. ഇന്നലെ വൈകിട്ടാനാണ് കെസി വേണുഗോപാൽ ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തെത്തിയത്. പിന്നാലെയാണ് എപ്പോൾ കെസിയെ കാണാൻ വിഡി സതീശൻ എത്തിയത്. മുതിര്‍ന്ന നേതാക്കളെയെല്ലാം വിഡി സതീശൻ നേരിട്ട് പോയി കണ്ടിരുന്നു.

അതേസമയം, നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് ചുമതയേൽക്കാനിരിക്കെ, മന്ത്രിമാർക്കായുള്ള ചർച്ചകളും അണിയറ നീക്കങ്ങളും തുടരുകയാണ്. ആരൊക്കെയാണ് മന്ത്രി സഭയിലെത്തുകയെന്നതിൽ ഉടൻ വ്യക്തത വന്നേക്കും. ഘടക കക്ഷി നേതാക്കളുമായി കോൺഗ്രസ് നേതൃത്വം ഉഭയകക്ഷി ചർച്ചകൾ നടത്തി. അഞ്ച് മന്ത്രിമാർ വേണമെന്നതാണ് ലീഗ് മുന്നോട്ട് വെച്ച ആവശ്യം. എന്നാൽ ഈ ആവശ്യം കോൺഗ്രസ് അംഗീകരിച്ചേക്കില്ല. പകരം നാല് മന്ത്രിസ്ഥാനവും ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷ പദവിയും നൽകാമെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം ലീഗ് ഇതിന് വഴങ്ങിയേക്കില്ല. ജോസഫ് വിഭാഗം രണ്ട് മന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരെ അനുനയിപ്പിക്കുകയാണ് മറ്റൊരു വെല്ലുവിളി. അതേസമയം ഇടഞ്ഞുനിൽക്കുന്ന രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര മന്ത്രിസ്ഥാനാം നൽകി അനുനയിപ്പിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്. കോൺഗ്രസിൽ ആരൊക്കെ മന്ത്രിസ്ഥാനം ഉറപ്പിക്കും എന്നത് തുടർമണിക്കൂറുകളിൽ വ്യക്തത വരും.

Post a Comment

0 Comments