*ദേശീയപാത 66-ൽ കക്കാടിനും കൂരിയാടിനുമിടയിൽ കടലുണ്ടിപ്പുഴയോടുചേർന്ന ഭാഗത്ത് പാതയ്ക്ക് ആറുവരിക്ക് പകരം അഞ്ചുവരി മാത്രമെന്ന് വ്യാപക പരാതി. പാത പൂർണ്ണമായും ഗതാഗതത്തിന് തുറന്നുകൊടുത്തതോടെ ഈ ഭാഗത്ത് പാതയ്ക്കിരുപുറവും സർവീസ് റോഡില്ലാത്തത് കടുത്ത അപകടഭീഷണിയാണ് ഉയർത്തുന്നത്.*
*തൃശ്ശൂർ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് അതിവേഗത്തിലെത്തുന്ന ആറുവരിപ്പാത കടലുണ്ടിപ്പുഴയ്ക്കു കുറുകെയുള്ള പാലത്തിലെത്തുമ്പോൾ പെട്ടെന്ന് രണ്ടുവരിയായി ചുരുങ്ങുകയാണ് ചെയ്യുന്നത്. ഈ ഭാഗത്ത് പാതയ്ക്കരികിലൂടെ വരുന്ന സർവീസ് റോഡ് പുഴ തുടങ്ങുന്നിടത്ത് വച്ച് പെട്ടെന്ന് അവസാനിക്കുന്നു.*
*പരപ്പനങ്ങാടി, ചെമ്മാട് തുടങ്ങിയ ഭാഗങ്ങളിൽനിന്ന് വേങ്ങര, മലപ്പുറം ഭാഗത്തേക്കു പോകുന്ന ബൈക്കുകളും ഓട്ടോറിക്ഷകളുമുൾപ്പെടെയുള്ള നൂറുകണക്കിന് വാഹനങ്ങൾ ഈ സർവീസ് റോഡ് വഴിയാണ് വരുന്നത്. എന്നാൽ സർവീസ് റോഡ് അവസാനിക്കുന്നതോടെ ഈ വാഹനങ്ങൾക്ക് ദേശീയപാതയിലെ അതിവേഗ ട്രാക്കിലേക്ക് പെട്ടെന്ന് കയറിവേണം പുഴ കടന്നുപോകാൻ.*
*ചെറിയ ഇറക്കവും നേരേയുള്ള പാതയുമായതിനാൽ ദേശീയപാതയിലൂടെ അതിവേഗത്തിലാണ് വലിയ വാഹനങ്ങൾ വരുന്നത്. ട്രാക്കിലേക്ക് പെട്ടെന്ന് കയറുന്ന ചെറിയ വാഹനങ്ങളും അമിതവേഗതയിലെത്തുന്ന വലിയ വാഹനങ്ങളും കൂട്ടിയിടിച്ച് ഇവിടെ വലിയ ദുരന്തങ്ങൾ ഉണ്ടാകാൻ സാധ്യതയേറെയാണ്.*
*40 വർഷം മുൻപ് നിർമിച്ച, കഷ്‌ടിച്ച് രണ്ടുവാഹനങ്ങൾക്കുമാത്രം കടന്നുപോകാനാകുന്ന പഴയപാലം നിലനിർത്തിയാണ് ഇവിടെ ദേശീയപാതയുടെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. സമാനമായ സ്ഥിതി തന്നെയാണ് തൃശ്ശൂർ ഭാഗത്തേക്കുള്ള റോഡിനുമുള്ളത്.*
*പാലത്തിൽ മൂന്നുവരിയുണ്ടെങ്കിലും ഈ ഭാഗത്തും സർവീസ് റോഡില്ല. തിരക്കേറിയ നാടുകാണി-പരപ്പനങ്ങാടി സംസ്ഥാനപാതയിലൂടെ വരുന്ന വാഹനങ്ങൾ സർവീസ് റോഡിലൂടെ വന്നുചേരുന്നതും ഈ അപകടമേഖലയിലേക്കാണ്.*
*പാത ആറുവരിയാക്കി ഉയർത്തിയപ്പോൾ അതിനനുസരിച്ചുള്ള വീതിയിൽ പുഴയ്ക്കു കുറുകേ പുതിയ പാലം നിർമിക്കാത്തതാണ് ഈ എല്ലാ പ്രശ്‌നങ്ങൾക്കും കാരണം. തൃശ്ശൂർ ഭാഗത്തേക്ക് മൂന്നുവരിയിൽ പുതിയ പാലമുണ്ടാക്കിയപ്പോൾ കോഴിക്കോട് ഭാഗത്തേക്ക് പഴയപാലം അതേപടി നിലനിർത്തുകയായിരുന്നു.*
*40 കൊല്ലം മുൻപ് നിർമിച്ചതും ബലക്ഷയസാധ്യത കൂടുതലുള്ളതുമായ ഈ പാലം പൂർണമായി പൊളിച്ചുമാറ്റി, സർവീസ് റോഡും മൂന്നുവരിയുമടങ്ങുന്ന പുതിയപാലം നിർമിക്കണമെന്ന് വേങ്ങര ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി ദേശീയപാതാ അധികൃതരോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ അനുകൂലമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. പാത പൂർണ്ണമായും സജീവമായതോടെ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.*
0 Comments