കൊച്ചി: ചെറിയ അളവിൽ മയക്കുമരുന്ന് കൈവശം വെച്ചാലും പ്രതികൾക്കെതിരെ കാപ്പ (KAAPA) നിയമപ്രകാരം നടപടിയെടുക്കാമെന്ന് ഹൈക്കോടതിയുടെ വിശാല ബെഞ്ച് ഉത്തരവിട്ടു. കുറഞ്ഞ അളവിൽ ലഹരിമരുന്ന് പിടികൂടിയാൽ കാപ്പ ചുമത്താനാവില്ലെന്ന 2024-ലെ മുൻ ഉത്തരവ് തെറ്റാണെന്ന് കോടതി വിലയിരുത്തി. ലഹരിയുടെ അളവ് നോക്കിയല്ല, അത് സമൂഹത്തിലുണ്ടാക്കുന്ന ആഘാതം പരിഗണിച്ചാണ് നടപടി വേണ്ടതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉൾപ്പെട്ട അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് പി. ഗോപിനാഥ്, ജസ്റ്റിസ് എ. ബദറുദ്ദീൻ, ജസ്റ്റിസ് എം.ബി. സ്നേഹലത, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.വാണിജ്യലക്ഷ്യത്തോടെ മയക്കുമരുന്ന് കൈകാര്യംചെയ്യുന്ന കേസിലേ ‘മയക്കുമരുന്ന് കുറ്റവാളി’യായി കണക്കാക്കാനാകൂ എന്നാണ് 2024-ൽ ‘സുഹാന’ കേസിൽ ഹൈക്കോടതി ഫുൾ ബെഞ്ച് പറഞ്ഞത്. ഈ വിലയിരുത്തൽ തള്ളിയ വിശാലബെഞ്ച് മയക്കുമരുന്ന് കേസിനെ നിസ്സാരമായി കാണാനാകില്ലെന്ന് അഭിപ്രായപ്പെട്ടു. മയക്കുമരുന്നിന് അടിമയായവരെയും രസത്തിനായി ഉപയോഗിക്കുന്നവരെയും വ്യത്യസ്തമായി കാണണം എന്ന വാദം അംഗീകരിക്കാനാകില്ല.
ലഹരി ഉപയോഗത്തിന്റെ ഭീകരതയെ ചെറുക്കാൻ ഒരേപോലെ പ്രവർത്തിക്കുന്നതാണ് എൻ.ഡി.പി.എസ്. നിയമവും കാപ്പ നിയമവും. ലഹരിക്കെതിരേ പ്രതിരോധമല്ല തകർക്കുന്ന സമീപനമാണ് വേണ്ടത്. അതേസമയം ആദ്യമായി മയക്കുമരുന്നുമായി പിടിയിലാകുന്നവരെ മതിയായ ചികിത്സ ഉറപ്പാക്കി പുനരധിവസിപ്പിക്കുന്നത് പരിഗണിക്കണമെന്നും കോടതി പറഞ്ഞു.
ജീവിതത്തെ ഇല്ലാതാക്കുന്ന ദുരന്തം
ചെറിയ അളവിലുള്ള മയക്കുമരുന്ന് ഉപയോഗംപോലും വലിയ ദുരന്തങ്ങൾക്കാണ് കാരണമാകുന്നതെന്ന് കോടതി പറഞ്ഞു. കുടുംബബന്ധങ്ങളെ തകർക്കുന്നു. ക്രമസമാധാനനില തകരുകയും കുറ്റകൃത്യങ്ങൾ വർധിക്കുകയും ചെയ്യും. മരണത്തിലേക്കുപോലും നയിക്കുന്ന ദുരന്തമായി മയക്കുമരുന്ന് ഉപയോഗം മാറുമെന്നും കോടതി പറഞ്ഞു
0 Comments