*രോഗികളുടെ ദയനീയാവസ്ഥ കാണിച്ച് ജനങ്ങളെ കബളിപ്പിച്ച് പണം തട്ടുന്ന സംഘം പിടിയിലായി. തിരൂർ തൃപ്രങ്ങോട് പഞ്ചായത്തിലെ കൈനിക്കരയിലാണ് സംഭവം.*
*രോഗികളുടെ ചിത്രം പതിച്ച ഫ്ലക്സ് ബോർഡുകളും അനൗൺസ്‌മെന്റ് സംവിധാനങ്ങളുമായി വാഹനത്തിലെത്തി പണപ്പിരിവ് നടത്തിയിരുന്ന സംഘത്തെയാണ് നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിന് കൈമാറിയത്.*
*കൈനിക്കരയിലെ വീടുകൾ കേന്ദ്രീകരിച്ച് വാഹനത്തിൽ പണപ്പിരിവ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട ചില യുവാക്കൾക്ക് ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നുകയായിരുന്നു.*
*തുടർന്ന് വാഹനം തടഞ്ഞുനിർത്തി നടത്തിയ ചോദ്യം ചെയ്യലിൽ ചികിത്സയിലുള്ള രോഗിയെക്കുറിച്ചോ ആശുപത്രിയെക്കുറിച്ചോ കൃത്യമായ വിവരങ്ങൾ നൽകാൻ ഇവർക്ക് കഴിഞ്ഞില്ല.*
പരസ്പരവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞതോടെ നാട്ടുകാർ സംഘടിച്ചു. ഇത് കണ്ട സംഘത്തിലുണ്ടായിരുന്ന ഒരാൾ പിരിച്ചെടുത്ത പണമടങ്ങിയ ബക്കറ്റ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
തിരൂർ പോലീസ് സ്ഥലത്തെത്തി വാഹനത്തിന്റെ ഡ്രൈവറെയും പണപ്പിരിവ് നടത്തിയിരുന്ന മറ്റൊരാളെയും കസ്റ്റഡിയിലെടുത്തു. ഇവർ ഉപയോഗിച്ചിരുന്ന വാഹനവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
മാസങ്ങൾക്ക് മുൻപ് സമീപപ്രദേശമായ പോലിശ്ശേരിയിലും സമാനമായ രീതിയിൽ വ്യാജ പണപ്പിരിവ് നടന്നിരുന്നു. ഇത്തരം തട്ടിപ്പ് സംഘങ്ങൾ വർദ്ധിക്കുന്നത് യഥാർത്ഥത്തിൽ സഹായം അർഹിക്കുന്ന രോഗികൾക്ക് ലഭിക്കേണ്ട സഹായങ്ങളെ ദോഷകരമായി ബാധിക്കുന്നുവെന്ന ആശങ്കയിലാണ് നാട്ടുകാർ. രക്ഷപ്പെട്ട പ്രതിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
0 Comments