കിഴിശ്ശേരി: നീണ്ട എട്ട് വർഷത്തെ പ്രവാസത്തിന് ശേഷം നാടണയാൻ തയ്യാറെടുക്കവെ കിഴിശ്ശേരി സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. കൊണ്ടോട്ടി കിഴിശ്ശേരി പുളിയക്കോട് സ്വദേശി ഹംസ (67) ആണ് മരിച്ചത്.
കമ്പനിയിലെ പ്രതിസന്ധികൾ കാരണം ഇഖാമ പുതുക്കാൻ കഴിയാത്തതിനാൽ വർഷങ്ങളോളം നാട്ടിൽ പോകാൻ കഴിയാതെ റിയാദിൽ തുടരുകയായിരുന്നു ഇദ്ദേഹം. ഒടുവിൽ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങൾക്കിടയിലാണ് മരണം സംഭവിച്ചത്.
റിയാദിൽ സഹോദരനൊപ്പമായിരുന്നു താമസം. ഇന്നലെ രാവിലെ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കാത്തതിനെ തുടർന്ന് സഹോദരൻ പോലീസിനെയും ആംബുലൻസിനെയും വിവരമറിയിക്കുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം റിയാദിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ.
ഭാര്യ: റുബീന. മക്കൾ: ഫസീല, ജസീല, ഫാത്തിമ ഷഹന. എട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ പ്രിയപ്പെട്ടവരെ കാണാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയുള്ള ഹംസയുടെ വേർപാട് നാടിനും കുടുംബത്തിനും വലിയ നോവായി മാറി.
0 Comments