LATEST

6/recent/ticker-posts

Header Ads Widget

പാചകവാതക പ്രതിസന്ധി; ഇൻഡക്ഷൻ കുക്കറുകൾക്ക് പലിശരഹിത വായ്പ ലഭ്യമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ



ന്യൂഡൽഹി: രാജ്യത്ത് വൈദ്യുതി പാചകരീതി വ്യാപകമാക്കുന്നതിന്റെ ഭാഗമായി ഇൻഡക്ഷൻ സ്റ്റൗവുകൾ വാങ്ങുന്നതിന് പലിശരഹിത വായ്പ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നു. പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന് പാചകവാതക വിതരണത്തിലുണ്ടായ പ്രതിസന്ധിയും വിലക്കയറ്റവും സാധാരണക്കാരെ ബാധിച്ച പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഈ നിർണ്ണായക നീക്കം.

പൊതുമേഖലാ സ്ഥാപനമായ എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡ് (ഇ.ഇ.എസ്.എൽ) വഴിയായിരിക്കും പദ്ധതി നടപ്പിലാക്കുക. ഉപഭോക്താക്കൾ സ്റ്റൗവിന്റെ യഥാർഥ തുക മാത്രം മാസതവണകളായി (ഇ.എം.ഐ) തിരിച്ചടച്ചാൽ മതിയാകും. ലോകബാങ്ക് (World Bank), ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് (ADB) തുടങ്ങിയ അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളുമായി ചേർന്നാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. വായ്പയുടെ പലിശ ഇനത്തിലുള്ള തുക ഈ സ്ഥാപനങ്ങൾ സബ്‌സിഡിയായി നൽകും.

2023ൽ ആരംഭിച്ച നാഷണൽ എഫിഷ്യന്റ് കുക്കിങ് പ്രോഗ്രാം (എൻ.ഇ.സി.പി) വിപുലീകരിച്ചുകൊണ്ടായിരിക്കും ഈ ആനുകൂല്യം ലഭ്യമാക്കുക. നിലവിൽ ഈ പദ്ധതിയിൽ പലിശ സബ്‌സിഡി ഉൾപ്പെടുത്തിയിട്ടില്ല. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് അധിക ബാധ്യതയില്ലാതെ വൈദ്യുത പാചക രീതിയിലേക്ക് മാറാൻ ഇത് അവസരമൊരുക്കും.

ലോകത്തെ തന്നെ രണ്ടാമത്തെ വലിയ എൽ.പി.ജി ഇറക്കുമതി രാജ്യമാണ് ഇന്ത്യ. പ്രതിവർഷം ആവശ്യംവരുന്ന 3.3 കോടി ടണ്ണിൽ 65 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. അതിൽതന്നെ 90 ശതമാനവും വരുന്നത് പശ്ചിമേഷ്യൻ രാജ്യങ്ങളിൽനിന്നാണ്. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം ഇന്ധന ഇറക്കുമതിയെയും പാചകവാതക ലഭ്യതയെയും സാരമായി ബാധിച്ചിട്ടുണ്ട്. ഇത് മുൻനിർത്തിയാണ് പരമ്പരാഗത ഗ്യാസ് അടുപ്പുകൾക്ക് പകരം ഇൻഡക്ഷൻ സ്റ്റൗവുകൾ ജനകീയമാക്കാൻ സർക്കാർ ശ്രമിക്കുന്നത്. മുൻപ് ഒരു ആഡംബര വസ്തുവായി കണ്ടിരുന്ന ഇൻഡക്ഷൻ സ്റ്റൗവുകൾക്ക് നിലവിൽ വിപണിയിൽ വലിയ ഡിമാൻഡാണ് അനുഭവപ്പെടുന്നത്.

 *ഓട്ടോ എൽ.പി.ജി പ്രതിസന്ധി; താൽക്കാലികമായി പെട്രോളിലേക്ക് മാറാൻ ഡ്രൈവർമാർക്ക് കേന്ദ്രമന്ത്രിയുടെ നിർദ്ദേശം* 

ബെംഗളൂരു: രാജ്യത്ത് നിലനിൽക്കുന്ന ഓട്ടോ എൽ.പി.ജി ക്ഷാമത്തിന് പരിഹാരമായി ഓട്ടോറിക്ഷാ ഡ്രൈവർമാർ താൽക്കാലികമായി പെട്രോളിലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. പെട്രോൾ എപ്പോഴും ലഭ്യമാണെന്നും എൽ.പി.ജി ലഭ്യതയിൽ ആഗോളതലത്തിൽ തന്നെ കുറവുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദാവൺഗരെയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വകാര്യ വിതരണക്കാർ എൽ.പി.ജി വില കിലോക്ക് 110 രൂപ വരെ വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ സർക്കാർ ഉടമസ്ഥതയിലുള്ള കേന്ദ്രങ്ങളിൽ ഇതിന് 89 രൂപ മാത്രമാണ് ഈടാക്കുന്നത്. രാജ്യത്ത് ആവശ്യമായ എൽ.പി.ജിയുടെ 60 ശതമാനം മാത്രമാണ് ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്നത്. ബാക്കി 40 ശതമാനം ഇറക്കുമതി ചെയ്യുകയാണ്. കർണാടകയിലെ 372 വിതരണ കേന്ദ്രങ്ങളിൽ 72 എണ്ണം മാത്രമാണ് സർക്കാർ നിയന്ത്രണത്തിലുള്ളത്. ബാക്കി 300 എണ്ണവും സ്വകാര്യ കമ്പനികളുടെ നിയന്ത്രണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

'ആഗോളതലത്തിൽ തന്നെ ഓട്ടോ എൽ.പി.ജി സ്രോതസ്സുകൾ പരിമിതമാണ്. അതുകൊണ്ടാണ് സർക്കാർ കേന്ദ്രങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നത്. വാണിജ്യ സിലിണ്ടറുകളുടെ വിതരണം ഇപ്പോൾ 70 ശതമാനമായി വർധിപ്പിച്ചിട്ടുണ്ട്. ഇതൊരു ആഗോള പ്രതിസന്ധിയാണെന്നും ഇതിനെ രാഷ്ട്രീയവൽക്കരിക്കേണ്ടതില്ലെന്നും' മന്ത്രി കൂട്ടിച്ചേർത്തു.

ഓട്ടോ എൽ.പി.ജി ക്ഷാമത്തെ തുടർന്ന് ഇന്ധനം നിറക്കാൻ സാധിക്കാതെ മണിക്കൂറുകൾ നീണ്ട വരിയിൽ നിൽക്കുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരുടെ വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിയുടെ ഇത്തരത്തിലുള്ള പുതിയ നിർദേശം. ബംഗളൂരുവിലെ 160ൽ അധികം പമ്പുകളിൽ 30ലധികം എണ്ണം മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. പ്രവർത്തിക്കുന്ന പമ്പുകളിൽ വാതകം നിറക്കാൻ മണിക്കൂറുകളോളം കാത്തിരിക്കണമെന്നും പലപ്പോഴും കൃത്യമായ ഷെഡ്യൂളുകളിലല്ല പമ്പുകളുടെ പ്രവർത്തനമെന്നും ഓ​ട്ടോറിക്ഷാ തൊഴിലാളികൾ പറയുന്നു.

എന്നാൽ രാജ്യത്ത് ഏകദേശം 70 ദിവസത്തേക്കുള്ള ക്രൂഡ് ഓയിൽ കരുതലുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. എണ്ണ വിതരണം തടസ്സമില്ലാതെ നടക്കുന്നുണ്ടെന്നും അതിനാൽ ഇന്ധനക്ഷാമത്തെക്കുറിച്ച് ആരും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം ഉറപ്പുനൽകി. മുൻ കോൺഗ്രസ് സർക്കാരുകളുടെ കാലത്തെ ഇന്ധന പ്രതിസന്ധികളെ പരാമർശിച്ച മന്ത്രി, നിലവിലെ സാഹചര്യം സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അറിയിച്ചു.


Post a Comment

0 Comments