മലപ്പുറം: ജില്ലയിലെ ദേശീയപാതാ വികസനം നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാനായില്ല. പ്രവൃത്തികൾ തീർക്കാനുള്ള അവസാന തീയതി ഇന്നായിരുന്നെങ്കിലും നിർമാണം പൂർണ്ണമാകാൻ ഇനിയും ഒരു മാസം കൂടി വേണ്ടിവരുമെന്നാണ് വിലയിരുത്തൽ.
ഈ സാഹചര്യത്തിൽ കാലാവധി നീട്ടിനൽകാൻ ദേശീയപാതാ അതോറിറ്റി തീരുമാനിച്ചെങ്കിലും, നേരത്തെ നിശ്ചയിച്ച പ്രകാരം ഏപ്രിൽ ഒന്ന് മുതൽ ടോൾ നിരക്ക് വർധിപ്പിക്കാനുള്ള നീക്കം വ്യാപക പ്രതിഷേധത്തിന് ഇടയാക്കുന്നു.
ജില്ലയിലെ കുറ്റിപ്പുറം, കൂരിയാട് ഭാഗങ്ങളിലായി ഏകദേശം ഒന്നര കിലോമീറ്റർ ദൂരത്താണ് ഇനി പ്രവൃത്തികൾ പൂർത്തിയാക്കാനുള്ളത്. കുറ്റിപ്പുറം റെയിൽവേ പാലത്തിന്റെയും അനുബന്ധ റോഡിന്റെയും നിർമാണം 90 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. കുറ്റിപ്പുറം ഹൈവേ ജംക്‌ഷനിൽ സർവീസ് റോഡ് അടച്ചിട്ടാണ് നിലവിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്.
കൂരിയാട് പാലത്തിന്റെ പണികളും അവസാനഘട്ടത്തിലാണ്. നിർമാണം പൂർത്തിയാകാതെ ടോൾ വർധിപ്പിക്കുന്നത് യുക്തിസഹമല്ലെന്ന നിലപാടിലാണ് യാത്രക്കാരും നാട്ടുകാരും.
പുതുക്കിയ നിരക്ക് പ്രകാരം ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 5 രൂപയും വലിയ വാഹനങ്ങൾക്ക് 20 രൂപ വരെയുമാണ് വർധനവ്. ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് ഒരു വശത്തേക്ക് 150 രൂപയും 24 മണിക്കൂറിനുള്ളിലെ മടക്കയാത്രയ്ക്ക് 225 രൂപയുമാണ് പുതിയ നിരക്ക്.
ബസ്, ട്രക്ക് എന്നിവയ്ക്ക് 505 രൂപയും ഏഴിലധികം ആക്‌സിലുകളുള്ള വലിയ വാഹനങ്ങൾക്ക് 970 രൂപയും നൽകേണ്ടി വരും. നിർമാണം പൂർത്തിയാകുന്നത് വരെ ടോൾ വർധനവ് നടപ്പിലാക്കരുതെന്ന ആവശ്യം ശക്തമായതോടെ അതോറിറ്റി ഇത് സംബന്ധിച്ച് പുനരാലോചന നടത്തുന്നുണ്ട്.
0 Comments