LATEST

6/recent/ticker-posts

Header Ads Widget

ജില്ലയിൽ വേനൽ മഴ തിമിർത്തു; മഞ്ചേരിയിൽ ചുഴലിക്കാറ്റിൽ നാശനഷ്ടം; എടവണ്ണയിൽ ഇടിമിന്നലേറ്റു ഒരാൾ മരിച്ചു


മലപ്പുറം: ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ തുടർന്ന കനത്ത ചൂടിന് ശമനമേകി പരക്കെ വേനൽമഴയെത്തി. ഇന്ന് ഉച്ചയ്ക്ക് ശേഷം പെയ്ത മഴയോടൊപ്പം ചിലയിടങ്ങളിൽ അനുഭവപ്പെട്ട ശക്തമായ ഇടിമിന്നലും കാറ്റും ജനങ്ങളെ പരിഭ്രാന്തരാക്കി.

മഞ്ചേരി നഗരത്തിലും പരിസരപ്രദേശങ്ങളിലും ശക്തമായ ചുഴലിക്കാറ്റാണ് അനുഭവപ്പെട്ടത്. കാറ്റിൽ മഞ്ചേരിയിലെ പല ഭാഗങ്ങളിലും വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായും മറ്റു പരസ്യങ്ങൾ ആയും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ കട്ടൗട്ടുകളും ബോർഡുകളും കാറ്റിൽ തകർന്നു വീണു. പലയിടങ്ങളിലും മരങ്ങൾ കടപുഴകിയും വൈദ്യുതി ലൈനുകൾ പൊട്ടിവീണും ഗതാഗത തടസ്സവും വൈദ്യുതി തടസ്സവും ഉണ്ടായി.

അപ്രതീക്ഷിതമായി എത്തിയ ചുഴലിക്കാറ്റിൽ വ്യാപാര സ്ഥാപനങ്ങളുടെ മേൽക്കൂരകളും ബോർഡുകളും തകർന്നിട്ടുണ്ട്. വൈകുന്നേരം പെയ്ത ശക്തമായ മഴയിൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടും അനുഭവപ്പെട്ടു. അപകടങ്ങളിൽ ആർക്കും പരിക്കേറ്റതായി ഇതുവരെ വിവരമില്ല.

അതേസമയം, വേനൽമഴയ്ക്കൊപ്പമുണ്ടായ ശക്തമായ ഇടിമിന്നലിൽ എടവണ്ണയിൽ ഒരു ജീവൻ നഷ്ടമായി. എടവണ്ണ പാലപ്പറ്റ സ്വദേശി കാരി (65) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം വീടിന് സമീപം നിൽക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന് മിന്നലേറ്റത്. ഉടൻതന്നെ എടവണ്ണ രാജഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

വരും ദിവസങ്ങളിലും ഇടിമിന്നലോടു കൂടിയ മഴ തുടരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി.

Post a Comment

0 Comments