LATEST

6/recent/ticker-posts

Header Ads Widget

ശുഭദിനം കവിത കണ്ണൻ


കിഴക്കനാഫ്രിക്കന്‍ രാജ്യമായ കെനിയയിലെ റിഫ്റ്റ് താഴ്‌വരയിലായിരുന്നു ആ സ്‌ക്കൂള്‍. അവിടത്തെ ജനങ്ങളെല്ലാം പൊതുവെ ദരിദ്രരാണ്. ധാരാളം അനാഥകുട്ടികള്‍. അതില്‍ സ്‌കൂളില്‍ പോകുന്നവര്‍ തന്നെ വളരെ കുറവ്. ആ സ്‌കൂളിലെ അധ്യാപകനായിരുന്നു പീറ്റര്‍ ടബീചി. ശാസ്ത്രവും കണക്കുമാണ് അദ്ദേഹം പഠിപ്പിക്കുന്നത്. 58 കുട്ടികള്‍ക്ക് ഒരധ്യാപകന്‍ എന്നതാണ് അവിടെയുള്ള അനുപാതം. അവിടെ ആകെയുളളത് ഒരു ഡെസ്‌ക്ടോപ് കംപ്യൂട്ടര്‍ മാത്രം. ഇന്റര്‍നെറ്റ് കിട്ടിയാല്‍ അത് അത്ഭുതം എന്ന് പറയാം. ദൂരെയുളള ഇന്റര്‍നെറ്റ് കഫേയില്‍ പോയി വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുളളതെല്ലാം അദ്ദേഹം ഡൗണ്‍ലോഡ് ചെയ്ത് കൊണ്ടുവരും. സൂക്ള്‍സമയം കഴിഞ്ഞും വാരാന്ത്യങ്ങളിലും പഠനത്തില്‍ പിറകിലായ കുട്ടികള്‍ക്ക് സ്‌പെഷല്‍ ട്യൂഷന്‍. എല്ലാ ആഴ്ചയുടേയും അവസാനം വിദ്യാര്‍ത്ഥികളുടെ വീടുകള്‍ സന്ദര്‍ശിക്കും. തന്റെ ശമ്പളത്തിന്റെ 80ശതമാനവും വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ക്കായി അദ്ദേഹം ചിലവാക്കുമായിരുന്നു. ബ്രദര്‍ പീറ്ററിന്റെ നിരന്തര ശ്രദ്ധക്കും പ്രോത്സാഹനത്തിനും ഫലമുണ്ടായി. 2018 ല്‍ കെനിയയുടെ ദേശീയ- എന്‍ജിനീയറിങ്ങ് മേളയില്‍ സ്‌കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു. 2019 ല്‍ സ്‌കൂളില്‍ നിന്നുളള ഗണിതശാസ്ത്രടീം അമേരിക്കയിലെ ഇന്റല്‍ രാജ്യാന്തര ശാസ്ത്ര - എന്‍ജിനീയറിങ്ങ് മേളയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പിന്നീട്, ലോകത്തിലെ ഏറ്റവും മികച്ച അധ്യാപകനുളള ഗ്ലോബല്‍ ടീച്ചര്‍ പ്രൈസ് 2019 ല്‍ അദ്ദേഹത്തിന് ലഭിച്ചു. 10 ലക്ഷം ഡോളറാണ് സമ്മാനത്തുക. ഏകദേശം 9 കോടി രൂപ. 179 രാജ്യങ്ങളില്‍ നിന്നുളള പതിനായിരം നാമനിര്‍ദ്ദേശങ്ങളില്‍ നിന്നാണ് അദ്ദേഹത്തെ ലോകോത്തര അധ്യാപകനായി തിരഞ്ഞെടുത്തത്! ഈ തുകയില്‍ ഒരു പൈസപോലും ബ്രദര്‍ പീറ്റര്‍ ടബീചി സ്വന്തമായി എടുത്തില്ല. സ്‌കൂളില്‍ ലൈബ്രറിയും ലാബും നിര്‍മ്മിക്കാനും തന്റെ ഗ്രാമത്തിനുവേണ്ടിയുമാണ് അദ്ദേഹം ആ തുക ചെലവഴിച്ചത്. ഈ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്. എന്റെ വിദ്യാര്‍തഥികളുടെ വലിയ കഴിവുകള്‍ തുറക്കുന്ന എളിയ താക്കോല്‍ മാത്രമാണ് ഞാന്‍.. എന്ന്. മറ്റുളളവര്‍ക്ക് അവസരങ്ങളും, സാധ്യതകളും.. ചിലപ്പോള്‍ ജീവിതം തന്നെയും തുറന്നുനല്‍കാന്‍ കഴിയുന്ന താക്കോലായി മാറാന്‍ സാധിക്കുക എന്നത് ചെറിയ കാര്യമല്ല - ശുഭദിനം.

Post a Comment

0 Comments