കിഴക്കന്‍ ജപ്പാനെ കശക്കിയെറിഞ്ഞ 2011 മാര്‍ച്ച് 11 ലെ സുനാമി. 18500 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. ഒട്ടേറെപ്പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. 20 അടി ഉയരത്തില്‍ തിരമാലകള്‍ അടിച്ചുയരുമ്പോള്‍ യസുവോയുടെ ഭാര്യ യുകോ, ബാങ്കില്‍ ജോലിയിലായിരുന്നു. പകച്ചുപോയ യുകോയുടെ അവസാനവാക്കുകള്‍ യസുവോ ഫോണില്‍ കേട്ടു: നിങ്ങള്‍ക്ക് കുഴപ്പമൊന്നുമില്ലല്ലോ... എനിക്ക് വീട്ടില്‍ പോകണം..പക്ഷേ, പിന്നയൊരിക്കലും യുകോയുടെ ശബ്ദം യസുവോ കേട്ടിട്ടില്ല. തന്റെ പാതിജീവനാണ് ഇല്ലായത് എന്നും പറഞ്ഞ് യസുവോ യുകോയെ തിരച്ചില്‍ ആരംഭിച്ചു. ആ തിരച്ചില്‍ നീണ്ട 14 വര്‍ഷത്തിന് ശേഷവും തുടര്‍ന്നുകൊണ്ടേയിരുന്നു..കരയിലെല്ലാം അയാള്‍ ഭാര്യയെ അരിച്ചുപെറുക്കി. കണ്ടെത്താനായില്ല. ഇനി കടലേ ഉള്ളൂ തിരയാന്‍. അവിടെ നിന്നാണല്ലോ സുനാമിതിരകള്‍ ആരംഭിച്ചത്. പിന്നെ അയാള്‍ ആഴക്കടല്‍ മുങ്ങാന്‍ പഠിച്ചു. രണ്ടുവര്‍ഷം കൊണ്ട് സ്‌കൂബ മുങ്ങല്‍ പഠിച്ച് സര്‍ട്ടിഫിക്കറ്റ് നേടി. അന്നുമുതല്‍ ആഴചയിലൊരിക്കല്‍ യസുവോ ആഴക്കടലില്‍ മുങ്ങുന്നു..യുകോ കണ്ടെത്താന്‍ ഇനി കഴിയില്ലെന്ന യഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞെങ്കിലും വര്‍ഷങ്ങളായി മുടക്കമില്ലാതെ അയാള്‍ കടലില്‍ യുകോയെ തിരഞ്ഞുകൊണ്ടേയിരിക്കുന്നു. യസുവോയുടെ അവസാനിക്കാത്ത അന്വേഷണത്തെ അടിസ്ഥാനമാക്കി നിരവധി ഡോക്യുമെന്ററികള്‍ പിറന്നു.. ഒരിക്കലും തിരിച്ചുകിട്ടാത്ത പ്രിയ പത്‌നിക്കുവേണ്ടിയുളള യസുവോയുടെ അന്വേഷണം ഒരു തരം ധ്യാനമാണ്.. ആ സമര്‍പ്പിത ധ്യാനമാണ് അദ്ദേഹത്തെ മുന്നോട്ട് നയിക്കുന്നതും.. സ്‌നേഹസമര്‍പ്പണങ്ങളുടെ വഴികള്‍ വ്യത്യസ്തമാണ്.. അതുപോലെ തന്നെ ദുരൂഹവും.. പക്ഷേ, ഇത്തരം സ്വകാര്യമായ സമര്‍പ്പണങ്ങളാണ് നമ്മെ ഓരോരുത്തരേയും മുന്നോട്ട് നയിക്കുന്നതും - ശുഭദിനം.
0 Comments