LATEST

6/recent/ticker-posts

Header Ads Widget

ഇസ്രയേലിലെ എണ്ണ സംസ്കരണ കേന്ദ്രങ്ങളിൽ ഇറാന്റെ മിസൈൽ ആക്രമണം; ഇനിയും ആക്രമണം നടത്തുമെന്ന് ഇറാന്റെ മുന്നറിയിപ്പ്


ജെറുസലേം: ഇസ്രയേലിലെ എണ്ണ സംസ്കരണ കേന്ദ്രങ്ങൾ ആക്രമിച്ച് ഇറാൻ. ഹൈഫയിലെ എണ്ണ സംസ്കാരണ പ്ലാന്റ് ലക്ഷ്യമിട്ടായിരുന്നു ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. ഇസ്രയേലിലെ ഗാർഹിക ഇന്ധന വിതരണത്തിൻറെ 50 ശതമാനവും ഉത്പാദിപ്പിക്കുന്നത് ഹൈഫയിലെ പ്ലാന്റിലാണ്. ഹൈഫയിൽ ഒരു മിസൈൽ പ്രതിരോധിക്കാൻ കഴിഞ്ഞതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ആക്രമണത്തിൽ 45 മിനിറ്റ് നേരം വൈദ്യുതി തടസമുണ്ടായെന്നും ഇസ്രയേൽ ഇലക്ട്രിക് കോർ അറിയിച്ചു. വൈദ്യുതിവിതരണം പിന്നീട് പുനഃസ്ഥാപിച്ചുവെന്നും ഇസ്രയേൽ ഇലക്ട്രിക് കോർ വ്യക്തമാക്കി.
കൃത്യതയാർന്ന മിസൈലുകളാണ് ഹൈഫയിലെ ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ഇറാൻ റവല്യൂഷനറി ഗാർഡ് പ്രസ്താവനയിൽ അവകാശപ്പെട്ടു. ഹൈഫയിലെ എണ്ണ സംസ്കരണ കേന്ദ്രങ്ങളിൽ ഇനിയും ആക്രമണം നടത്തുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൈനിക കേന്ദ്രങ്ങൾക്കെതിരെയെന്നത് പോലെ ആക്രമണം തുടരുമെന്നാണ് ഇറാന്റെ ഭീഷണി. കഴിഞ്ഞ ജൂണിൽ ഹൈഫയിലെ റിഫൈനറിക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. റിഫൈനറിയുടെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കേണ്ടിയും വന്നിരുന്നു.

ഇന്നലെയാണ് ഇറാൻറെ ജീവനാഡിയായ സൗത്ത് പാർസിൽ ആക്രമണം ഉണ്ടായത്. ഇറാനിലെ ഗാർഹിക ഉപഭോഗത്തിൻറെ 70 ശതമാനവും സൗത്ത് പാർസിലെ വാതകപ്പാടത്ത് നിന്നാണെന്നിരിക്കെയാണ് രൂക്ഷമായ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ അമേരിക്കയ്ക്ക് പങ്കുണ്ടെന്നായിരുന്നു ട്രംപിൻറെ അവകാശവാദം. പിന്നാലെ ഖത്തറിലെ റാസ് ലഫാൻ ഇറാൻ ആക്രമിച്ചു. നികത്താനാവാത്ത നാശനഷ്ടമാണ് റാസ് ലഫാനിലുണ്ടായതെന്ന് ഖത്തർ വെളിപ്പെടുത്തിയിരുന്നു.

അതിനിടെ ജെറുസലേമിലേക്ക് ഇറാൻ കനത്ത ആക്രമണം തുടരുകയാണ്. രണ്ട് മണിക്കൂറിനിടെ മൂന്ന് മിസൈലുകളാണ് ജെറുസലേം ലക്ഷ്യമിട്ടെത്തിയതെന്നും ഇതോടെ മധ്യ ഇസ്രയേലിലും ജെറുസലേമിലെങ്ങും അപായ സൈറണുകൾ മുഴങ്ങിയെന്നും പ്രാദേശിക ചാനൽ റിപ്പോർട്ട് ചെയ്യുന്നു. ജെറുസലേമിൽ നിന്ന് ഉഗ്ര സ്ഫോടന ശബ്ദം ഉയർന്നതായി ബിബിസിയും സ്ഥിരീകരിച്ചിട്ടുണ്ട്.

ഈദ് ആഘോഷത്തിനായി കിഴക്കൻ ജെറുസലേമിൽ ആളുകൾ കൂട്ടത്തോടെ ഇറങ്ങിയതിന് പിന്നാലെയാണ് സൈറണുകൾ മുഴങ്ങിയത്. പിന്നാലെ മൊബൈൽ ഫോണുകളിലേക്ക് സന്ദേശങ്ങളുമെത്തിയെന്നും മണിക്കൂറളോളം ആശങ്ക നീണ്ടുനിന്നുവെന്നും ബിബിസിയുടെ ജെറുസലേമിലുള്ള റിപ്പോർട്ടർ സെബാസ്റ്റ്യൻ ഉഷർ വെളിപ്പെടുത്തി. നാലുതവണ ആക്രമണം നടത്തിയതായി ഇറാൻ സൈന്യവും സ്ഥിരീകരിച്ചു. ഇറാൻറെ ബാലിസ്റ്റിക് മിസൈൽ ശേഖരം തകർത്തുവെന്നും മിസൈൽ ആക്രമണങ്ങൾ നടത്താന‍് ഇറാന് ശേഷിയില്ലെന്നും നെതന്യാഹു അവകാശപ്പെട്ട് മണിക്കൂറുകൾക്കകമാണ് ജെറുസലേമിലേക്ക് ബാലിസ്റ്റിക് മിസൈലുകൾ എത്തിയതെന്നതും ശ്രദ്ധേയമാണ്.

Post a Comment

0 Comments