ഫാക്ടറിയുടെ തറയില്‍ ഒരു തുള്ളി എണ്ണ വീണുകിടക്കുന്നത് ജീവനക്കാരന്‍ കണ്ടു. മറ്റൊരാള്‍ വന്ന് തറ വൃത്തിയാക്കിയെങ്കിലും എണ്ണ അവിടെ വരാനുളള കാരണത്തെകുറിച്ച് അയാള്‍ അന്വേഷിച്ചുകൊണ്ടേയിരുന്നു. മേല്‍ക്കൂരയിലെ ബോള്‍ട്ടില്‍നിന്നാണ് ആ എണ്ണ വന്നതെന്ന് അയാള്‍ കണ്ടെത്തി. മറ്റു പല ബോള്‍ട്ടുകളും ഉണ്ടെങ്കില്‍ ഇതില്‍ മാത്രം എങ്ങനെ ചോര്‍ച്ചയുണ്ടായി എന്നായി അയാളുടെ അന്വേഷണം. അപ്പോഴാണ് ബോള്‍ട്ടിനുള്ളിലെ റബ്ബര്‍ ബുഷ് നശിച്ചിരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടത്. അപ്പോള്‍ മറ്റൊരു ചോദ്യമാണ് അയാളുടെ മനസ്സിലേക്ക് വന്നത്. ഒരേ സമയം സ്ഥാപിച്ച ഈ ബുഷുകളില്‍ ഒരെണ്ണം മാത്രം എങ്ങിനെ പ്രശ്‌നമുണ്ടായി. അത് മറ്റൊരു കമ്പനിയുടെ ബുഷാണെന്ന് അയാള്‍ കണ്ടെത്തുകയും വിവരം അധികാരികളെ അറിയിക്കുകയും ചെയ്തു. അധികാരികള്‍ ചില മാററങ്ങള്‍ വരുത്തി. നിലവാരമില്ലാത്ത വിതരണക്കാരെ ഒഴിവാക്കി. ഗുണമേന്മാ നിയന്ത്രണം ശക്തമാക്കി. എല്ലാം തറയില്‍ വീണ ഒരുതുള്ളി എണ്ണയില്‍ നിന്ന ഉയര്‍ന്ന ഒരാളുടെ ചോദ്യങ്ങള്‍കൊണ്ട്. കാണപ്പെടുന്ന പ്രശ്‌നങ്ങളല്ല, കാണപ്പെടാത്ത കാരണങ്ങളാണ് യഥാര്‍ത്ഥ പ്രശ്‌നം. ഏതു പ്രതിസന്ധിയേയും അതിന്റെ അടിത്തറയില്‍ നിന്ന് അഭിമുഖീകരിക്കുന്നവര്‍ക്ക് മാത്രമേ ശാശ്വത പരിഹാരം കണ്ടെത്താനാകൂ. ലക്ഷണങ്ങള്‍ തുടച്ചുമാറ്റാന്‍ എളുപ്പമാണ്. വീര്യമുള്ള മരുന്ന് ഉപയോഗിച്ചാല്‍ മതി. പക്ഷേ, കാരണം കണ്ടെത്താന്‍ ആഴത്തിലുളള പരിശോധന തന്നെ വേണം. അസാധാരണമായ എന്തുകണ്ടാലും നമ്മില്‍ ഉയരേണ്ട ചോദ്യമാണ് എന്തുകൊണ്ട് ഇങ്ങിനെ എന്ന്.. അതിന്റെ ഉത്തരം തേടി നടന്നാല്‍ നമുക്ക് യഥാര്‍ത്ഥ കാരണത്തിലേക്ക് ചെന്നെത്താനും അത് പരിഹരിക്കാനും സാധിക്കും. ഒരു പ്രശ്‌നം ഉടലെടുക്കുമ്പോള്‍ അതിനോടുളള നമ്മുടെ പ്രതികരണശൈലിയാണ് അതിന്റെ പ്രതിവിധിയുടെ ഫലം തീരുമാനിക്കുന്നത് - ശുഭദിനം
0 Comments