കോതമംഗലം: കോളേജ് വിദ്യാർഥികളെ ലക്ഷ്യമിട്ട് ബംഗളുരുവിൽ നിന്നും കടത്തിക്കൊണ്ടു വന്ന മാരക ലഹരി മരുന്നായ എംഡിഎംഎയുമായി യുവതിയും സുഹൃത്തും എക്സൈസിന്റെ പിടിയിലായി. കോതമംഗലം ഇരമല്ലൂർ സ്വദേശി അനന്തു പ്രസാദ് (24), ഇടുക്കി സ്വദേശിനി റിസാന ഫാത്തിമ (18) എന്നിവരെയാണ് കോതമംഗലം എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
കോതമംഗലം മേഖലയിലെ കോളേജ് വിദ്യാർഥികൾക്കിടയിൽ വില്പന ലക്ഷ്യമിട്ടാണ് ബംഗളുരുവിൽ നിന്ന് 37 ഗ്രാം എംഡിഎംഎ വിതരണത്തിനായി എത്തിച്ചത്. ലഹരി ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈൽ ഫോണുകൾ പ്രതികളിൽ നിന്നും എക്സൈസ് കസ്റ്റഡിയിലെടുത്തു.
രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. ബംഗളുരുവിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ലഹരി മരുന്ന് വാങ്ങി നാട്ടിലെത്തിച്ച് വിദ്യാർഥികൾക്കും യുവാക്കൾക്കും വൻ വിലയ്ക്ക് വിൽക്കുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്നാണ് സൂചന. പ്രതികളുടെ ഫോൺ രേഖകൾ കേന്ദ്രീകരിച്ച് ലഹരി ശൃംഖലയിലെ മറ്റുള്ളവർക്കായി അന്വേഷണം.
0 Comments