LATEST

6/recent/ticker-posts

Header Ads Widget

മരണവക്കില്‍ നിന്ന് യുവാവിന് പുതുജീവന്‍ നല്‍കിയ ഹാഷിറിന്റെ ധീരതയ്ക്ക് ജീവന്‍ രക്ഷാ പതക്



ചേലേമ്പ്ര: കുളത്തില്‍ മുങ്ങിപ്പോയ 19 വയസ്സുകാരനെ മരണത്തിന്റെ വക്കില്‍ നിന്ന് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ചെലൂപ്പാടം സ്വദേശി എന്‍. കെ. മുഹമ്മദ് ഹാഷിര്‍ന് ജീവന്‍ രക്ഷാ പതക് അവാര്‍ഡ്. 

2023 ജനുവരി 24ന് ചേലേമ്പ്ര കുളത്തില്‍ കുളിക്കാനിറങ്ങിയ 19കാരന്‍ ഹരിനന്ദും കൂട്ടുകാരനും കുളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. സമീപത്തെ കടയില്‍ ചായ കുടിച്ചുകൊണ്ടിരിക്കുകയായിരുന്ന നീന്തല്‍ പരിശീലകനായ ഹാഷിര്‍ അപകടവിവരം അറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തി കുളത്തിലേക്ക് എടുത്തുചാടി ഹരിനന്ദിനെ രക്ഷിക്കുകയായിരുന്നു. 

പുറത്തെടുത്തപ്പോള്‍ പള്‍സും ശ്വാസവും ഇല്ലെന്ന് മനസ്സിലാക്കിയ ഹാഷിര്‍ കുളത്തിനരികില്‍ കിടത്തി ഉടന്‍ സി.പി.ആര്‍ നല്‍കി. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കൃത്യസമയത്ത് കൃത്യവും ശാസ്ത്രീയവുമായ പ്രഥമ ശുശ്രൂഷ നല്‍കിയതാണ് ഹരിനന്ദിനെ ജീവിതത്തിലേക്ക് തിരികെ യെത്തിക്കാനായതെന്ന് ഡോക്ടര്‍മാരും സാക്ഷ്യപ്പെടുത്തി. 

ഈ ധീര ഇടപെടലിനുള്ള അംഗീകാരമായാണ് 2024 വര്‍ഷത്തെ ജീവന്‍ രക്ഷാ പതക് അവാര്‍ഡ് ഹാഷിറിനെ തേടിയെത്തിയത്. കായിക-ന്യൂനപക്ഷ ക്ഷേമ- വഖഫ് -ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ഹാഷിറിന് അവാര്‍ഡ് നല്‍കി. ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്, ഡെപ്യൂട്ടി കളക്ടര്‍ സ്വാതി ചന്ദ്രമോഹന്‍ (ദുരന്ത നിവാരണ വിഭാഗം) ഡെപ്യൂട്ടി കളക്ടര്‍ ജയശ്രീ (എല്‍.എ )എന്നിവര്‍ സന്നിഹിതരായിരുന്നു.  

നീന്തല്‍ പരിശീലകനും സന്നദ്ധപ്രവര്‍ത്തകനുമായ ഹാഷിര്‍ ചേലുപാടം അഞ്ചുവര്‍ഷത്തോളമായി ചേലേമ്പ്ര ഇടിമൂഴിക്കല്‍ പള്ളിക്കുളത്തില്‍ നീന്തല്‍ പരിശീലകനാണ്. യു.എ.ഇയുടെ ഇന്റര്‍നാഷനല്‍ ലൈഫ് ഗാര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഹാഷിര്‍ പ്രളയകാലങ്ങളിലുള്‍പ്പെടെ പ്രശംസനീയ സേവനം നടത്തിയിട്ടുണ്ട്.


Post a Comment

0 Comments