കൊച്ചി: നവകേരള സർവേ തടഞ്ഞ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. ക്ഷേമപദ്ധതികൾ ജനങ്ങളിലേക്ക് ഫലപ്രദമായി എത്തുന്നുണ്ടോ എന്ന് അറിയാനും വിവര ശേഖരണം നടത്താനും സർക്കാരിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ നേതാക്കൾ ഇത്തരം സർവേകളെക്കുറിച്ച് എന്ത് പറയുന്നു എന്നത് കോടതിയെ ബാധിക്കുന്ന കാര്യമല്ലെന്നും, ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ സർക്കാരിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. പദ്ധതികൾ മെച്ചപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് ഇത്തരത്തിലുള്ള പരിശോധനകൾ നടത്താമെന്നും കോടതി നിരീക്ഷിച്ചുചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സർക്കാരിനു വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ഹാജരായത്. കേസിൽ കോടതി എതിർകക്ഷികൾക്ക് നോട്ടിസ് അയച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന ഘട്ടത്തിൽ സർക്കാർ പണം ഉപയോഗിച്ച് രാഷ്ട്രീയ നീക്കമാണ് നടത്തുന്നതെന്ന് ആരോപിച്ച് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ളവരാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഇതിന് പിന്നാലെ ഹൈക്കോടതി ഹർജി തടയുകയും ചെയ്തു. എന്നാൽ ഈ വാദങ്ങൾ തള്ളിക്കൊണ്ടാണ് സുപ്രീം കോടതി സർക്കാരിന് സർവേയുമായി മുന്നോട്ടുപോകാൻ അനുമതി നൽകിയിട്ടുള്ളത്. ഭരണഘടനാപരമായ അവകാശങ്ങൾ ഉയർത്തിപ്പിടിച്ചാണ് കോടതി സർക്കാരിന് സർവേ നടത്താൻ അനുവാദം നൽകിയത്
0 Comments