ഒരുമിച്ചുതാമസിച്ചിരുന്ന പെണ്‍ തേനീച്ചകളുടെ അടുത്തുനിന്നും ഒരു തേനീച്ച പുറത്തേക്കിറങ്ങി. ഒന്നുംചെയ്യാതെയിരിക്കുന്ന ആണ്‍ തേനീച്ചകളെ കണ്ട് അവള്‍ സന്തോഷിച്ചു. ഇവരുടെ കൂടെ കൂടിയാല്‍ ജോലിയൊന്നും ചെയ്യാതെ സുഖമായി കഴിയാം. അവള്‍ അവരുടെ കൂടെ കൂടി. വേനല്‍ക്കാലമായപ്പോള്‍ പെണ്‍തേനീച്ചകള്‍ തേന്‍ ശേഖരിക്കാന്‍ പോയി. പക്ഷേ, അവള്‍ മാത്രം ആണ്‍തേനീച്ചകളുടെ കൂടെ പാട്ടുപാടി നടന്നു. മഴക്കാലമെത്തിയപ്പോള്‍ ആണ്‍ തേനീച്ചകള്‍ ഒഴിഞ്ഞ മരപ്പൊത്തുകളില്‍ അഭയം തേടി. പെണ്‍ തേനീച്ച പഴയ കൂട്ടിലേക്ക് മടങ്ങിയെങ്കിലും കൂടിനരികിലെത്തിയപ്പോള്‍ അവള്‍ ഞെട്ടിപ്പോയി. അതിലെ ദ്വാരങ്ങളെല്ലാം അവര്‍ മെഴുകുവെച്ച് അടച്ചിരുന്നു. മഴയും തണുപ്പുമേററ് അവളുടെ കഥയും കഴിഞ്ഞു. അക്കെരെയുളളവരുടെ സുഖാന്തരീക്ഷം കണ്ട് ഇക്കരെയുള്ളവര്‍ വേലിചാടുന്നത് നല്ലതല്ല. ഓരോരുത്തര്‍ക്കും അവരവരുടേതായ ആവാസവ്യവസ്ഥയും അടിസ്ഥാനശീലങ്ങളുമുണ്ടാകും. പാരമ്പര്യംകൊണ്ടും ശീലം കൊണ്ടും അത്തരക്കാരെല്ലാവരും ഒരുമിച്ചുജീവിക്കുകയും ചെയ്യും. രൂപപെട്ടയിടത്തിന്റെ മാഹാത്മ്യം അവിടെനിന്നും വിടപറയുമ്പോള്‍ മാത്രമേ മനസ്സിലാകൂ. അവിടെ ആര് അപ്രത്യക്ഷരായാലും മറ്റുള്ളവര്‍ ചേര്‍ന്ന് കൂടുതല്‍ മനോഹാരിതയോടെ ഓരോയിടവും സംരക്ഷിക്കും. അവനവന് അനുയോജ്യമായ പരിസരം കണ്ടെത്തുകയും അവിടെ സത്യസന്ധമായി നിലനില്‍ക്കുകയും ചെയ്യുക എന്നതാണ് കൂട്ടമായി ജീവിക്കുമ്പോള്‍ പാലിക്കേണ്ട പൊതു തത്വം - ശുഭദിനം
0 Comments