ചെന്നായകള്‍ തങ്ങളുടെ ദൂതനെ ചെമ്മരിയാടുകളുടെ അടുത്തേക്ക് പറഞ്ഞയച്ചു. നമ്മള്‍ തമ്മിലുളള ശത്രുതയക്ക് കാരണം നിങ്ങളുടെ കാവല്‍നായ്ക്കളാണ്. അവര്‍ കുരുച്ചുകൊണ്ട് ഞങ്ങളെ നിങ്ങളില്‍ നിന്നും അകറ്റുന്നു. സത്യത്തിൽ ഞങ്ങള്‍ നിങ്ങളുടെ സുഹൃത്തുക്കളാണ്. അന്നുമുതല്‍ ആടുകള്‍ക്ക് കാവല്‍ നായ്ക്കളെ സംശയമായി. അവര്‍ നായ്ക്കളോട് പറഞ്ഞു: നിങ്ങള്‍ ഇത്രയും നാള്‍ ഞങ്ങൾക്ക് നല്‍കിയിരുന്നത് സംരക്ഷണമല്ല, തടവറയാണ്. അവര്‍ സ്വാതന്ത്രത്തിനായി നായ്ക്കളില്‍ നിന്നും ഓടിയകന്നു. അന്നുരാത്രി ചെന്നായ്ക്കള്‍ അവര്‍ കാത്തിരുന്ന ഭക്ഷണം ആര്‍ത്തിയോടെ കഴിച്ചു. തന്നിഷ്ടപ്രകാരം നടക്കാനാണ് എല്ലാവര്‍ക്കും ഇഷ്ടം. പക്ഷേ, സ്വന്തം ആഗ്രഹങ്ങളുടെ പിന്നാലെ പായുമ്പോള്‍ ചില അപകടങ്ങള്‍ പതിയിരിക്കുന്നുണ്ടാകും. അപരിചിതത്വം, അപക്വത, അറിവില്ലായ്മ.. ഇവമൂലം ചില കെണികള്‍ നമുക്ക് കണ്ടെത്താന്‍ കഴിഞ്ഞെന്ന് വരില്ല. ഇനി അഥവാ കണ്ടെത്തിയാലും നമ്മുടെ താല്‍പര്യം അതിനും മുകളിലായതുകൊണ്ട് കണ്ടതായി ഭാവിക്കുകയുമില്ല. പക്ഷേ, കടിഞ്ഞാണ്‍ പിടിക്കുന്ന ആരെങ്കിലും എല്ലാവരുടേയും ജീവിതത്തില്‍ ഉണ്ടാകണം. കാരണം ചതിക്കുഴികൾ സുന്ദരവും സുഗന്ധമുളളതും വശീകരണശേഷിയുള്ളതുമായിരിക്കും. അവയുടെ പ്രലോഭനങ്ങളെ അതിജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയില്ല. സമൂഹത്തിന്റെയോ സൗഹൃദത്തിന്റെയോ രക്ഷാകര്‍തൃത്വത്തിന്റെയോ ചില വിലങ്ങളുകള്‍ ആയിരിക്കും അത്തരം സന്ദര്‍ഭത്തില്‍ ഫലപ്രദം. കെണിയൊരുക്കുന്നവരെയും വഴിയൊരുക്കുന്നവരെയും തിരിച്ചറിയുകയാണ് വേണ്ടത്. വേട്ടക്കാരെല്ലാം പുറമേ ശാന്തരും അഭ്യുദയകാംക്ഷികളും മാന്യതയുടെ ആള്‍രൂപങ്ങളുമായിരിക്കും. തങ്ങളുടെ ഇര കെണിയില്‍ വീണുകിടക്കുന്നതുവരെ അവര്‍ക്ക് ഇതേ ഭാവങ്ങളായിരിക്കും. എന്നാല്‍ വഴിയൊരുക്കുന്നവര്‍ക്ക് വലിയ അലങ്കാരങ്ങളോ അഴകോ ഉണ്ടാകില്ല. അവരുടെ പ്രതികരണങ്ങളില്‍ നിഷ്‌കര്‍ഷയും കാഠിന്യവും ഉണ്ടാകൂം. അവരെ തിരിച്ചറിയുക. കാരണം വിഘ്നം സൃഷ്ടിക്കുന്നവരെല്ലാം വിലങ്ങളുതടികളാകണമെന്നില്ല - ശുഭദിനം
0 Comments